ബാലൻ ഡിയോറും ഫിഫ ലോക ഫുട്‌ബോളർ അവാർഡും നേടിയ ഏക ആഫ്രിക്കൻ താരമായ ജോർജ് വിയക്ക് ഒരിക്കലും ലോകകപ്പ് കളിക്കുക എന്ന സ്വപ്നം യാഥാർത്ഥ്യം ആക്കാൻ സാധിച്ചിരുന്നില്ല. നിലവിൽ ലൈബീരിയൻ പ്രസിഡന്റ് കൂടിയായ ഇതിഹാസതാരത്തിന്റെ കരിയറിലെ ഏക നിരാശയും ചിലപ്പോൾ അത് തന്നെയാവും.
എന്നാൽ അദ്ദേഹത്തിന്റെ മകൻ തിമോത്തി(ടിം) വിയ തന്റെ ലോകകപ്പ് അരങ്ങേറ്റത്തിൽ അമേരിക്കക്ക് ആയി ഗോൾ നേടുമ്പോൾ ജോർജ് വിയ അഭിമാനം കൊള്ളുന്നുണ്ടാവും എന്നുറപ്പാണ്. വെയിൽസിന് എതിരെ ആദ്യ പകുതിയിൽ പുലിസിച്ചിന്റെ പാസിൽ നിന്നാണ് ടിം വിയ തന്റെ ഗോൾ നേടിയത്. 2017 ൽ അണ്ടർ 17 ലോകകപ്പിലും അരങ്ങേറ്റത്തിൽ ഗോൾ നേടിയ ടിം ആ പതിവ് സീനിയർ തലത്തിലും തുടരുക ആയിരുന്നു. അമേരിക്കക്ക് ആയി ലോകകപ്പിൽ ഗോൾ നേടുന്ന 2000 ത്തിന് ശേഷം ജനിച്ച ആദ്യ താരമായും ടിം മാറി.