അർജന്റീനയുടെ അണ്ടർ 20 ടീമിനെ പരിശീലിപ്പിക്കാനൊരുങ്ങി അർജന്റീന സീനിയർ ടീം കോച്ച് സമ്പോളി. ലോകകപ്പിലേറ്റ പരാജയത്തെ തുടർന്ന് സമ്പോളിയുടെ അർജന്റീന പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കുമെന്ന വർത്തകൾക്കിടയിലാണ് താരം സ്പെയിനിൽ നടക്കുന്ന ഇൻവിറ്റേഷൻ ടൂർണമെന്റിൽ അർജന്റീന അണ്ടർ 20 ടീമിനെ പരിശീലിപ്പിക്കുന്നത്. ലോകകപ്പ് പ്രീ ക്വാർട്ടർ ഫ്രാൻസിനോട് തോറ്റാണ് അർജന്റീന പുറത്തായത്.
അണ്ടർ 20 പരിശീലകനും സമ്പോളിയുടെ സഹായിയുമായിരുന്ന സെബാസ്റ്റ്യൻ ബെക്കാസെസ് സ്ഥാനം ഒഴിഞ്ഞതോടെയാണ് സമ്പോളി ടീമിനെ പരിശീലിപ്പിക്കുമെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ അറിയിച്ചത്. ജൂലൈ 28 മുതൽ ഓഗസ്റ്റ് 7 വരെയാണ് സ്പെയിനിൽ അർജന്റീന അണ്ടർ 20 ടീം പങ്കെടുക്കുന്ന ടൂർണമെന്റ്.
സ്പെയിനിൽ നടക്കുന്ന ടൂർണമെന്റിന് ശേഷം സമ്പോളിയുടെ കാര്യത്തിൽ അർജന്റീന ഫുട്ബോൾ അസോസിയേഷൻ തീരുമാനം എടുക്കും എന്നാണ് കരുതപ്പെടുന്നത്. അതെ സമയം ഇപ്പോൾ സമ്പോളിയെ പുറത്താകുകയാണെങ്കിൽ അർജന്റീന ഫുട്ബോൾ അസോസിയേഷൻ 9 മില്യൺ യൂറോ നഷ്ടപരിഹാരമായി സമ്പോളിക്ക് നൽകണം. 2019 കോപ്പ അമേരിക്കക്ക് ശേഷമാണ് സമ്പോളിയെ പുറത്താക്കുന്നത് എങ്കിൽ വെറും 1.5 മില്യൺ യൂറോ നഷ്ടപരിഹാരം നൽകിയാൽ മതിയാവും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial