വേൾഡ് കപ്പ് തുടങ്ങാൻ രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെ, ഖത്തറിലുള്ള മലയാളി എഞ്ചിനിയർമാരുടെ കൂട്ടായ്മയായ കേരളൈറ്റ് എഞ്ചിനിയർസ് ഫോറം (കെഈഎഫ്) ഫുട്ബോൾ ആവേശത്തിൽ പങ്കെടുക്കുന്നു. ഖത്തറിലെ ഒട്ടുമിക്ക വേൾഡ് കപ്പ് വേദികൾക്ക് പിന്നിലും കേരളത്തിൽ നിന്നുള്ള എഞ്ചിനിയർമാരുടെ പരിശ്രമം ഉണ്ടെന്നുള്ള കാര്യം എല്ലാവരും അംഗീകരിച്ചിട്ടുള്ളതാണ്. കേരളത്തിൽ നിന്നുള്ള ഈ വിദഗ്ധർ സ്പോർട്സ് രംഗത്തും ഒട്ടും പിന്നിലല്ല എന്ന് തെളിയിച്ചിട്ടുള്ളതാണ്. കെഈഎഫിന്റെ ഫുട്ബോൾ, ക്രിക്കറ്റ്, വോളി, ഷട്ടിൽ ടീമുകൾ ദോഹയിലെ ആഭ്യന്തര ടൂർണമെന്റുകളിൽ വാങ്ങിക്കൂട്ടിയ ട്രോഫികൾ അനവധിയാണ്. മലയാളികളുടെ ഇടയിൽ ടെന്നീസിന് പ്രചാരം നൽകാൻ കെഈഎഫ് ടെന്നീസ് ടീം അംഗങ്ങൾ നൽകിയ സേവനം നിസ്തുലമാണ്. ഇന്ത്യൻ എംബസ്സിയുടെ കീഴിലുള്ള സ്പോർട്സ് പരിപാടികൾ നയിക്കുന്നതിൽ മുൻപന്തിയിൽ ഉള്ളത് കെഈഎഫ് അംഗങ്ങളാണ്.
വേൾഡ് കപ്പിന് മുന്നോടിയായി, വേൾഡ് കപ്പ് നടത്തുന്ന ഖത്തറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടു, കെഈഎഫ് തങ്ങളുടെ അംഗങ്ങൾക്ക് വേണ്ടി ഫുട്ബോൾ ഫീസ്റ്റ സംഘടിപ്പിക്കാൻ തീരുമാനിച്ച വിവരം ചെയർമാൻ സക്കീർ ഹുസ്സൈൻ ഇന്ന് പ്രസ്താവനയിലൂടെ അറിയിച്ചു. പുരുഷന്മാർക്കും വനിതകൾക്കും പെനാൽറ്റി ഷൂട്ഔട്ട്, കുട്ടികളുടെ ഫുട്ബോൾ മത്സരം, ജഗ്ളിംങ് തുടങ്ങി അനവധി പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. നവംബർ 11ആം തിയ്യതി ദോഹയിലെ കേംബ്രിഡ്ജ് ഇന്റർനാഷണൽ സ്‌കൂളിലെ ഫുട്ബാൾ അരേനയിൽ വെച്ച് വൈകിട്ട് 5 മുതൽ 8 വരെയാണ് മത്സരങ്ങൾ നടക്കുക.