മൊറോക്കോയുടെ ലോകകപ്പ് സ്വപ്നങ്ങൾ ഇന്ന് സെമി ഫൈനലിൽ ഫ്രാൻസിന് മുന്നിൽ അവസാനിച്ചു എങ്കിലും ഖത്തറിൽ മൊറോക്കൻ ജേഴ്സി അണിഞ്ഞ ഒരോ താരത്തിനും അഭിമാനത്തോടെ തല ഉയർത്തി തന്നെ നാട്ടിലേക്ക് മടങ്ങാം. ഈ മൊറോക്കോയെ ഫുട്ബോൾ ലോകം അടുത്ത് ഒന്നും മറക്കില്ല. ലോകകപ്പ് സെമി ഫൈനലിൽ എത്തുന്ന ആദ്യ ആഫ്രിക്കൻ ടീം എന്ന ചരിത്രം എഴുതിയാണ് വലിദിന്റെ ടീം ഖത്തറിൽ നിന്ന് മടങ്ങുന്നത്.
ആരുടെയും പ്രതീക്ഷകളുടെ ഭാരമില്ലാതെ വന്ന മൊറോക്കോ ഫുട്ബോൾ ആഫ്രിക്കൻ ഭൂഖണ്ഡത്തിന് തന്നെ പ്രതീക്ഷ നൽകിയാണ് നാട്ടിലെക്ക് തിരികെ കയറുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ ക്രൊയേഷ്യയെ സമനിലയിൽ പിടിച്ചു കൊണ്ടായിരുന്നു മൊറോക്കോ ഖത്തറിലെ പോരാട്ടം തുടങ്ങിയത്.
രണ്ടാം മത്സരത്തിൽ അവർ ബെൽജിയഥെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചപ്പോൾ ആണ് ഫുട്ബോൾ ലോകം മൊറോക്കോയെ ശരിക്കു ശ്രദ്ധിക്കുന്നത്. പിന്നെ ലോക ഫുട്ബോളിന്റെ ശ്രദ്ധ മുഴുവൻ മൊറോക്കോയിലേക്ക് ആയി. കാനഡയെ കൂടെ തോൽപ്പിച്ച് അവർ ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീ ക്വാർട്ടറിലേക്ക്.
പ്രീ ക്വാർട്ടറിൽ മുന്നിൽ വന്ന സ്പെയിനിന്റെ ടികി ടാക ഒടിച്ച് എൻറികെയുടെ കയ്യിൽ കൊടുത്ത് മൊറോക്കോ ക്വാർട്ടറിലേക്ക് മുന്നേറി. ക്വാർട്ടറിൽ സൂപ്പർ താരങ്ങളുടെ വലിയ നിരയുള്ള പോർച്ചുഗലും മൊറോക്കോക്ക് മുന്നിൽ മുട്ടുമടക്കി.
സെമി ഫൈനലിൽ ഫ്രാൻസിനോട് രണ്ടു ഗോളിന് തോറ്റു എങ്കിലും കളിയിലെ ഭൂരിഭാഗം സമയവും മൊറോക്കോക്ക് മുന്നിൽ ഫ്രാൻസ് വിറക്കുന്നതാണ് കണ്ടത്. ഈ രണ്ട് ഗോളുകൾക്ക് മുന്നെ ഒരു എതിർ താരത്തിനും മൊറോക്കോക്ക് എതിരെ ഗോൾ നേടാൻ ആയിരുന്നില്ല എന്നത് തന്നെ മൊറോക്കോയുടെ മികവ് കാണിക്കുന്നു.
സൊഫ്യാൻ അമ്രബാതും സൈസും ബോനോയുൻ ഹകീമിക്കും സിയെചിനും ഒപ്പം ഏറെ കാലം ഫുട്ബോൾ പ്രേമികളുടെ മനസ്സിൽ നിൽക്കാനും ഈ ലോകകപ്പ് കാരണമാകും.