ഖത്തർ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരെ കണ്ടെത്താൻ ഉള്ള പോരാട്ടത്തിൽ ക്രൊയേഷ്യ മൊറോക്കോയെ നേരിടും. നിലവിലെ രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യക്ക് മൂന്നാം സ്ഥാനത്തിനായുള്ള മത്സരം അഭിമാന പോരാട്ടം ആണെങ്കിൽ, ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി സെമിയിൽ എത്തിയ ആഫ്രിക്കൻ രാജ്യമായ മൊറോക്കോക് തങ്ങളുടെ അപൂർവമായ കുതിപ്പിന് മികച്ച പരിസമാപ്തി നൽകേണ്ടതുണ്ട്. അവസാന ശ്വാസം വരെ പൊരുതാൻ ഇച്ഛാശക്തിയുള്ള ടീമുകൾ നേർക്കുനേർ വരുമ്പോൾ മികച്ചൊരു പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ ഗ്രൂപ്പ് ഘട്ടത്തിൽ ഇരുവരും നേർക്കുവേർ വന്നപ്പോൾ സമനില ആയിരുന്നു ഫലം.
അർജന്റീനയോടേറ്റ തോൽവി മറന്നാകും ക്രൊയേഷ്യ കളത്തിൽ ഇറങ്ങുന്നത്. തങ്ങളുടെ ഇതിഹാസ താരം മോഡ്രിച്ചിന്റെ അവസാന ലോകകപ്പ് മത്സരം ആകും എന്നതിനാൽ അനുയോജ്യമായ യാത്രയയപ്പാവും ടീമിന്റെ മനസിൽ. ബ്രോൻസോവിച്ച്, പേരിസിച്ച് എന്നിവർക്കും ഇനിയൊരു ലോകകപ്പിന് ബാല്യമില്ല. വിജയം തന്നെ ലക്ഷ്യമിട്ട് ഇറങ്ങുമ്പോൾ മുന്നേറ്റ നിരയിൽ നിന്നും കൂടുതൽ മികച്ച പ്രകടനം ക്രൊയേഷ്യ പ്രതീക്ഷിക്കുന്നുണ്ട്. അർജന്റീനക്കെതിരെ ആദ്യ നിമിഷങ്ങളിൽ മത്സരം കയ്യിൽ ഉണ്ടായിരുന്നിട്ടും ഗോൾ മാത്രം അകന്ന് നിന്നത് ടീമിന് വലിയ തിരിച്ചടി ആയിരുന്നു. കഴിഞ്ഞ മത്സരത്തിൽ നിന്നും ടീമിൽ കാര്യമായ മാറ്റങ്ങൾക്ക് സാധ്യതയില്ല.
ഒന്നും നഷ്ടപ്പെടാൻ ഇല്ലാത്തവരാണ് മൊറോക്കോ. വമ്പന്മാരെ ഓരോന്നായി വീഴ്ത്തി സെമി ഫൈനൽ വരെ എത്താൻ കഴിഞ്ഞത് ടീമിന് പുതിയ ഊർജമാണ് നൽകുന്നത്. ഹകീമി, മസ്രോയി, ഒനാഹി അടക്കം ടീമിന്റെ ഭാവിക്ക് കരുത്തു പകരാൻ കഴിയുന്ന താരങ്ങൾക്ക് ദേശിയ ടീമിന്റെ ജേഴ്‌സിയിൽ ഈ ടൂർണമെന്റ് ഒരു പുത്തൻ അനുഭവമാകും. നേരത്തെ ആഫ്രിക്കൻ ചാമ്പ്യന്മാർ ആയിട്ടുള്ള ടീമിന് ലോകവേദിയിൽ തങ്ങളുടെ ഇരിപ്പിടം ഒന്നുകൂടി ഉറപ്പിക്കാൻ മത്സരത്തിലൂടെ കഴിയും. പരിക്കാണ് ടീമിനെ അലട്ടുന്നത്. പ്രതിരോധത്തിലെ നെടുംതൂണുകളായ സായ്സിനും ആഗ്വെർഡിനും പരിക്കേറ്റത് ഫ്രാൻസിനെതിരെ തിരിച്ചടി ആയിരുന്നു. എങ്കിലും സെമിയിൽ പല വട്ടം ഗോൾ മടക്കുന്നതിന് അടുത്തെത്തിയ ടീമിന് ക്രൊയേഷ്യൻ പ്രതിരോധത്തിനും കാര്യമായ തലവേദന സൃഷ്ടിക്കാൻ കഴിയും. ഇരു ടീമുകളും ടൂർണമെന്റിൽ പെനാൽറ്റിയിൽ വിജയം നേടിയിട്ടുള്ളതിനാൽ മത്സരം ഷൂട്ട്ഔട്ടിലേക് നീണ്ടാലും ആവേശകരമായിരിക്കും.
ഇന്ത്യൻ സമയം ശനിയാഴ്ച വൈകീട്ട് 8.30ന് ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് മത്സരം ആരംഭിക്കുക.