ഖത്തർ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായതിനു പിന്നാലെ മെക്സിക്കോ അവരുടെ പരിശീലകൻ ജെറാർഡോ ടാറ്റ മാർട്ടിനോയുടെ കരാർ റദ്ദാക്കി. അർജന്റീന, പോളണ്ട്, സൗദി അറേബ്യ എന്നിവർ ഉൾപ്പെട്ട ഗ്രൂപ്പ് സിയിൽ പോളണ്ടിനു പിന്നിൽ മൂന്നാം സ്ഥാനക്കാർ ആയതോടെ ആണ് മെക്സിക്കോ ലോകകപ്പിൽ നിന്നു പുറത്തായത്.
പോളണ്ടിനും മെക്സിക്കോക്കും ഒരേ പോയിന്റുകൾ ആയിരുന്നു എങ്കിലും ഗോൾ വ്യത്യാസത്തിൽ മെക്സിക്കോ പുറത്ത് പോവുക ആയിരുന്നു. 1978 നു ശേഷം ഇത് ആദ്യമായാണ് മെക്സിക്കോ ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ പുറത്ത് പോവുന്നത്. ഇതിനെ തുടർന്ന് ആണ് മണിക്കൂറുകൾക്ക് അകം ദേശീയ ടീം പരിശീലകനെ മെക്സിക്കോ പുറത്താക്കിയത്. റഫറി അവസാന വിസിൽ അടിച്ചപ്പോൾ തന്റെ കരാർ അവസാനിച്ചു എന്നാണ് മാർട്ടിനോ പ്രതികരിച്ചത്.