ഖത്തർ ലോകകപ്പിൽ നിന്നു മെക്സിക്കോ പുറത്ത്. ഗ്രൂപ്പ് സിയിൽ അവസാന ഗ്രൂപ്പ് മത്സരത്തിൽ സൗദി അറേബ്യയോട് ജയിച്ചു പോയിന്റ് നിലയിൽ പോളണ്ടിനു ഒപ്പം എത്തിയെങ്കിലും ഗോൾ വ്യത്യാസത്തിൽ പിറകിൽ ആയതോടെ മെക്സിക്കോ ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്ത് ആവുക ആയിരുന്നു. ഇരു ടീമുകളും ജയം തേടി ഇറങ്ങിയ മത്സരത്തിൽ മെക്സിക്കോ ആണ് കൂടുതൽ ആധിപത്യം കാണിച്ചത്. മത്സരത്തിൽ 26 ഷോട്ടുകൾ ഉതിർത്ത അവർ 11 എണ്ണം ലക്ഷയത്തിലേക്കും അടിച്ചു. ആദ്യ പകുതിയിൽ എന്നാൽ സൗദി പ്രതിരോധം ഭേദിക്കാൻ മെക്സിക്കോക്ക് ആയില്ല.
എന്നാൽ രണ്ടാം പകുതിയിൽ മെക്സിക്കോ ഗോളുകൾ കണ്ടത്തി. രണ്ടാം പകുതി തുടങ്ങിയ ഉടൻ തന്നെ സെസർ മോണ്ടസിന്റെ പാസിൽ നിന്നു ഹെൻറി മാർട്ടിൻ മെക്സിക്കോക്ക് ഗോൾ സമ്മാനിച്ചു. 52 മത്തെ മിനിറ്റിൽ ഉഗ്രൻ ഫ്രീകിക്കിലൂടെ ചാവസ് മെക്സിക്കോക്ക് നിർണായകമായ രണ്ടാം ഗോളും സമ്മാനിച്ചു.
ഈ സമയത്ത് ഒരു ഗോൾ അടിച്ചാൽ മെക്സിക്കോക്ക് പോളണ്ടിനെ മറികടക്കാം ആയിരുന്നു. അതിനായി അവർ ആക്രമിച്ചു തന്നെ കളിച്ചു. ഇടക്ക് അടിച്ച ഗോൾ റഫറി ഓഫ് സൈഡ് വിളിച്ചു. പലപ്പോഴും സൗദി ഗോൾ കീപ്പർ മെക്സിക്കോക്ക് മുന്നിൽ വില്ലനായി. ഇഞ്ച്വറി സമയത്ത് 95 മത്തെ മിനിറ്റിൽ വീണു കിട്ടിയ അവസരം ഗോൾ ആക്കി മാറ്റിയ സലം അൽ-ദസരി മെക്സിക്കോ ഹൃദയങ്ങൾ തകർത്തു. ബഹ്‌ബ്രിയുടെ പാസിൽ നിന്നായിരുന്നു താരത്തിന്റെ ഗോൾ.