ഫിഫ ലോകകപ്പ് 2026 ജൂൺ 11 മുതൽ ജൂലൈ 19 വരെ നടക്കും എന്ന് ഫിഫ അറിയിച്ചു. മെക്‌സിക്കോ സിറ്റിയിലെ ഐതിഹാസിക സ്റ്റേഡിയമായ ആസ്‌ടെക്ക സ്റ്റേഡിയത്തിൽ ലോകകപ്പിലെ ഉദ്ഘാടന മത്സരം നടക്കുമെന്നും ഫിഫ അറിയിച്ചു. 48 ടീമുകളുടെ ലോകകപ്പ് ടൂർണമെൻ്റിന് മെക്സിക്കോ, യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ എന്നിവരാണ് സംയുക്തമായി ആതിഥേയത്വം വഹിക്കുന്നത്.
1970ലും 1986ലും ലോകകപ്പ് ഫൈനൽ മത്സരങ്ങൾക്ക് ആതിഥേയത്വം വഹിച്ച ഗ്രൗണ്ടാണ് ആസ്ടെക്ക സ്റ്റേഡിയം. ന്യൂയോർക്ക്/ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലാണ് ഫൈനൽ നടക്കുക. 82,500 സീറ്റുകളുള്ള മെറ്റ്‌ലൈഫ് സ്റ്റേഡിയം NFL-ലെ ന്യൂയോർക്ക് ജയൻ്റ്‌സിൻ്റെയും ന്യൂയോർക്ക് ജെറ്റ്‌സിൻ്റെയും ഗ്രൗണ്ടാണ്. 2016 കോപ്പ അമേരിക്ക ടൂർണമെൻ്റിൻ്റെ ഫൈനൽ ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര ഫുട്‌ബോൾ ഗെയിമുകൾ അവിടെ നടന്നിട്ടുണ്ട്.