നാളെ ഫൈനലിൽ ഫ്രാൻസും അർജന്റീനയും നേർക്കുനേർ വരികയാണ്. ഇതിനു മുമ്പ് അർജന്റീനയും ഫ്രാൻസും ലോകകപ്പിൽ നേർക്കുനേർ വന്ന പോരാട്ടം അങ്ങനെ ആരും മറക്കുന്ന പോരാട്ടമായിരുന്നില്ല. അതൊരു ത്രില്ലർ തന്നെ ആയിരുന്നു.
അന്ന് 19കാരൻ എമ്പാപ്പെ കളം നിറഞ്ഞു കളിച്ചപ്പോൾ അർജന്റീനയും മെസ്സിയും മുട്ടുമടക്കുക ആയിരിന്നു. പ്രീക്വാർട്ടറിൽ തന്നെ അർജന്റീന റഷ്യ വിടേണ്ടതായും വന്നു. അന്ന് മൂന്നിനെതിരേ നാല് ഗോളുകൾക്കാണ് ഫ്രാൻസ് അർജന്റീനയെ തോൽപ്പിച്ചത്.
2-1ന് പിറകിൽ നിന്നതിനു ശേഷമാണു 3 ഗോൾ തിരിച്ചടിച്ച് ഫ്രാൻസ് വിജയം സ്വന്തമാക്കിയത്. അന്ന് ലോകം ഉറ്റു നോക്കുന്ന യുവതാരം ആയിരുന്മ എമ്പാപ്പെ രണ്ടു ഗോളുകളുമായി കളം നിറഞ്ഞു കളിച്ചു.
ആദ്യ പകുതി;
ഫ്രാൻസിന്റെ മുന്നേറ്റം കണ്ടു കൊണ്ടാണ് മത്സരം തുടങ്ങിയത്. ഗ്രീസ്മാന്റെ ഫ്രീ കിക്ക് പോസ്റ്റിൽ തട്ടി തെറിക്കുകയായിരുന്നു. തുടർന്നാണ് മാർക്കോസ് റോഹോ എമ്പാപ്പെയെ പെനാൽറ്റി ബോക്സിൽ ഫൗൾ ചെയ്തതിനു അനുകൂലമായി ലഭിച്ച പെനാൽറ്റി ഗോളാക്കി ഗ്രീസ്മാൻ ഫ്രാൻസിന് ലീഡ് നേടി കൊടുത്തത്. ആദ്യ പകുതി കഴിയുന്നതിന് മുൻപ് ഡി മരിയയിലൂടെ അർജന്റീന സമനില പിടിച്ചു. 30വാര അകലെ നിന്നും ഡി മരിയ തൊടുത്ത ഷോട്ട് ഫ്രാൻസ് ഗോൾ കീപ്പർ ലോറിസിനെ മറികടന്ന് വല കുലുക്കുകയായിരുന്നു.
രണ്ടാം പകുതി;
രണ്ടാം പകുതിയുടെ തുടക്കത്തിൽ ഫ്രാൻസിനെ ഞെട്ടിച്ചു കൊണ്ട് അർജന്റീന മത്സരത്തിൽ ലീഡ് നേടി. പെനാൽറ്റി ബോക്സിലേക്ക് വന്ന മെസ്സിയുടെ ഷോട്ടിന് കാല് വെച്ച് കൊണ്ട് മെർകാടോയാണ് അർജന്റീനക്ക് ലീഡ് നേടി കൊടുത്തത്. ഒരു ഗോളിന് പിറകിലായതോടെ മികച്ച പ്രകടനം കാഴ്ചവെച്ച ഫ്രാൻസ് തുടരെ തുടരെ 3 ഗോളടിച്ച് മത്സരത്തിൽ ആധിപത്യം നേടി.
ആദ്യം പവാർദിന്റെ വണ്ടർ ഗോളിലൂടെ സമനില പിടിച്ച ഫ്രാൻസ് അധികം താമസിയാതെ എമ്പാപ്പെയിലൂടെ ലീഡും നേടുകയായിരുന്നു. മത്സരത്തിൽ പിറകിലായതോടെ രണ്ടും കൽപ്പിച്ച് ആക്രമണത്തിന് ഇറങ്ങിയ അർജന്റീനയെ കൗണ്ടർ അറ്റാക്കിൽ വീഴ്ത്തി എമ്പാപ്പെ ഫ്രാൻസിന്റെ നാലാമത്തെ ഗോളും നേടി. ഇഞ്ചുറി ടൈമിൽ പ്രതീക്ഷ നൽകി അഗ്വേറോയിലൂടെ അർജന്റീന ഒരു ഗോൾ മടക്കിയെങ്കിലും അപ്പോഴേക്കും എല്ലാം അവസാനിച്ചിരുന്നു.
ഇനി നാളെ അർജന്റീന ഫ്രാൻസിനെ ഫൈനലിൽ നേരിടുമ്പോഴും അവർക്ക് ഏറ്റവും വലിയ ഭീഷണിയാവുക എംബപ്പെ തന്നെയാകും. ലോകകപ്പ് കിരീടം ഉറപ്പിക്കുന്നതിനായി രണ്ട് ടീമും പോരാടും എങ്കിലും അർജന്റീനക്ക് റഷ്യയിൽ കണക്കു തീർക്കുക എന്ന ഉദ്ദേശം കൂടെ കാണും.