വരും തലമുറകളോട് പറയാൻ റൊസാരിയോ തെരുവിനൊരു കഥ കൂടി ഖത്തറിൽ എഴുതി ചേർക്കപ്പെട്ടു. തോൽപ്പിക്കാൻ തുനിഞ്ഞിറങ്ങിയ നിർഭാഗ്യത്തെ ചങ്കുറപ്പു കൊണ്ടു മുട്ടുക്കുത്തിച്ച്, അർജന്റീന പൊരുതി നേടിയ വിജയത്തിന്റെ കഥ. മാരക്കാനയിൽ വീണ കണ്ണീരിന് അറേബ്യൻ മണ്ണിൽ മധുരം ചേർത്ത പോരാട്ടത്തിന്റെ കഥ. ലോകമെമ്പാടും ഉള്ള ഫുട്ബോൾ പ്രേമികളുടെ ചിരകാല സ്വപ്നം യാഥാർഥ്യമാക്കിയ കഥ. അതേ..റോസാരിയോയിലെ രാജകുമാരൻ വിശ്വകിരീടം ചൂടിയിരിക്കുന്നു..!!
“That is my boy”: അങ്ങകലെ നിന്ന് സാക്ഷാൽ ഡിയെഗോ മറഡോണ ഫുട്ബോൾ ദൈവങ്ങളോട് ഇങ്ങനെ പറയുന്നുണ്ടാകും. ഇന്നത്തെ വിജയം മെസ്സിക്ക് എത്രത്തോളം പ്രിയപ്പെട്ടതാണെന്നറിയാൻ നാം കാലത്തിലൂടെ അല്പം പിറകോട്ടു സഞ്ചരിക്കണം. അതിൽ നിരന്തരം തുടർതോൽവികൾ സമ്മാനിച്ച ഹൃദയഭേദകമായ നിമിഷങ്ങൾ ഉണ്ട്..തന്റെ കഴിവിന്റെ പരമാവധി പുറത്തെടുത്തിട്ടും മറ്റു ടീമുകളുടെ വിജയം നിസ്സഹായതയോടെ നോക്കി നിൽക്കേണ്ടി വന്ന മരവിച്ച മനസ്സിന്റെ വേദന ഉണ്ട്.. സ്വന്തം രാജ്യത്തിനായി എന്നും വീറോടെ പോരാടിയിട്ടും കപ്പിന്റെ പേരിൽ കേട്ട പഴികളുടെ നീണ്ട കഥയുണ്ട്. തന്റെ ഏഴു ബാലൺ ഡി ഓർ പുരസ്കാരങ്ങളും ആ കനക കിരീടത്തിന് പകരം നൽകാൻ അയാൾ തയാറായിരുന്നു. അത്രത്തോളം അയാൾ അത് മോഹിച്ചിരുന്നു.
ഒരു ലോകകപ്പ് കിരീടം എന്ന മെസ്സിയുടെ സ്വപ്നം വെറുമൊരു കിനാവായി മാത്രം അവശേഷിക്കുവോ എന്ന് തോന്നിപ്പിച്ച നിരവധി നിമിഷങ്ങൾ. ഒടുവിൽ കാലം രചിച്ച അതിനാടകീയമായ ക്ലൈമാക്സ്. ഫുട്ബോൾ എന്തെന്ന് അറിയാത്ത ഒരാൾക്കു പോലും ഉദ്വേഗം ജനിപ്പിച്ച 120 മിനിട്ടുകൾ.. മെസ്സി ഗോൾ അടിച്ചപ്പോൾ അവർ ആഘോഷിച്ചു.. എംബാപ്പെയുടെ തകർപ്പൻ വോളി കണ്ട് അവർ പേടിച്ചു.. ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ പോലും ആ ആവേശം വിട്ടു മാറിയിട്ടുണ്ടായിരുന്നില്ല. ഒടുവിൽ മെസ്സി കിരീടം ഏറ്റുവാങ്ങിയപ്പോൾ അവർ സന്തോഷിച്ചു.
ഇതയാളുടെ നിമിഷമാണ്. അയാൾ കടന്നു പോയ അനുഭവങ്ങൾക്ക് കാലം സമ്മാനിച്ച വിജയം. ലോകത്തിലെ മറ്റെല്ലാം സ്വന്തം കാൽക്കീഴിൽ ആക്കിയിട്ടും ലോകകപ്പ് വിജയം ഒരു കൊച്ചുകുട്ടിയുടെ ആവേശത്തോടെ ആഘോഷിക്കുന്ന മെസ്സിയെയാണ് ലോകം കണ്ടത്. മെസ്സിയുടെ കരിയറിനെ പൂർണ്ണതയിൽ എത്തിച്ച കിരീടനേട്ടം. ‘GOAT’ നെ ‘GOD’ ആക്കുന്ന ആ അഗ്നികടമ്പയും പിന്നിട്ട് അയാൾ കുതിക്കുകയാണ്. മറ്റുള്ളവർ കളി മതിയാക്കുന്ന പ്രായത്തിൽ അയാൾ നേടിയത് ലോകകപ്പിലെ മികച്ച താരത്തിനുള്ള കരിയറിലെ രണ്ടാമത്തെ പുരസ്കാരമാണ്. പെപ് ഗാർഡിയോള ഒരിക്കൽ മെസ്സിയെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “നിങ്ങൾ അയാളുടെ കളിയെക്കുറിച്ച് എഴുതാൻ ശ്രമിക്കരുത്.. കളിയെ വിവരിക്കാൻ നോക്കരുത്.. അയാളുടെ കളി ആസ്വദിക്കുക”. അതേ.. വാക്കുകൾക്കും വർണ്ണനകൾക്കും അപ്പുറം ആണ് ആ മനുഷ്യൻ. ഇടംകാൽ കൊണ്ട് തുകൽപന്തിൽ വിസ്മയം തീർക്കുന്ന ആ മാന്ത്രികനെ നമ്മുക്ക് മനസ്സ് കുളിർക്കേ കണ്ടാസ്വദിക്കാം..ആരാധിക്കാം…