ഖത്തർ ലോകകപ്പിലെ രണ്ടാം സെമി ഫൈനൽ ആദ്യ പകുതിക്ക് പിരിയുമ്പോൾ ഫ്രാൻസ് മറുപടിയില്ലാത്ത ഒരു ഗോളിന് മുന്നിൽ നിൽക്കുന്നു.
ഇന്ന് അൽ ബൈത് സ്റ്റേഡിയത്തിൽ വെറും അഞ്ചു മിനുട്ട് മാത്രമെ ഫ്രാൻസിന് മൊറോക്കോ ഡിഫൻസ് തകർക്കാൻ വേണ്ടി വന്നുള്ളൂ. അഞ്ചാം മിനുട്ടിൽ തിയോ ഹെർണാണ്ടസ് പേരുകേട്ട മൊറോക്കൻ ഡിഫൻസീവ് കോട്ട തകർത്തു. ഗ്രീസ്മന്റെ ഒരു റൺ ആണ് അവരെ ഞെട്ടിച്ചത്. ഗ്രീസ്മന്റെ പാസ് എംബപ്പെയിൽ എത്തി. എംബപ്പെ രണ്ട് തവണ ഗോളിനായി ശ്രമിച്ചു എങ്കിലും ബ്ലോക്ക് ചെയ്യപ്പെട്ടു. ആ പന്ത് എന്തിയത് പെനാൾട്ടി ബോക്സിൽ ഫ്രീ ആയി നിൽക്കുന്ന തിയോയിലെക്ക്.
തിയോ ഒരു ആക്രൊബാറ്റിക് ഫിനിഷിലൂടെ ബോനോയെ മറികടന്ന് പന്ത് വലയിലേക്ക് എത്തിച്ചു. സ്കോർ 1-0. ഈ ഗോൾ തുടക്കം മുതൽ തന്നെ കളിയുടെ നിയന്ത്രണം ഫ്രാൻസിന്റെ കാലുകളിൽ ആക്കി. ഔനായിയുടെ ഒരു ഷോട്ട് ലോരിസിനെ പരീക്ഷിച്ചത് ഒഴിച്ചാൽ കാര്യമായ ഭീഷണി മൊറോക്കോയിൽ നിന്ന് തുടക്കത്തിൽ ഉണ്ടായില്ല.
മൊറോക്കോ ഡിഫൻഡർ സയ്സ് പരിക്കേറ്റ് കളം വിടുന്നതും കാണാനായി. 35ആം മിനുട്ടിൽ എംബപ്പെയുടെ ഷോട്ട് ഡിഫൻസ് ക്ലിയർ ചെയ്തു. അതിനു പിന്നാലെ കിട്ടിയ അവസരം ജിറൂദ് പുറത്തും അടിച്ചു.
45ആം മിനുട്ടിൽ അൽ യമിഖിന്റെ ഒരു ബൈസൈക്കിൾ കിക്ക് പോസ്റ്റിൽ തട്ടി മടങ്ങിയത് മൊറോക്കോയ്ക്ക് വലിയ തിരിച്ചടിയായി.