ലോകകിരീടം നിലനിർത്തുക എന്ന സ്വപ്നത്തിലേക്ക് ഫ്രാൻസ് ഒരു ചുവട് കൂടെ അടുത്തു. ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി കൊണ്ട് ഫ്രാൻസ് ഇന്ന് ലോകകപ്പ് സെമി ഫൈനലിലേക്ക് മുന്നേറി. സമനില നേടാൻ പെനട്ടിയിലൂടെ കിട്ടിയ അവസരം ഹാരി കെയ്ൻ നഷ്ടപ്പെടുത്തിയത് ആണ് ഇംഗ്ലണ്ടിന് വിനയായത്.
ഇന്ന് അൽ ബെയ്ത് സ്റ്റേഡിയം ആവേശകരമായ മത്സരത്തിനാണ് സാക്ഷ്യം വഹിച്ചത്. തുടക്കം മുതൽ ഫ്രാൻസും ഇംഗ്ലണ്ടും വിജയിക്കാനായാണ് കളിച്ചത്. 17ആം മിനുട്ടിൽ യുവ മിഡ്ഫീൽഡർ ചൗമെനിയുടെ ഒരു ലോംഗ് റേഞ്ചറിലൂടെയാണ് ഫ്രാൻസ് ലീഡ് എടുത്തത്. ഗ്രീസ്മനിൽ നിന്ന് പന്ത് സ്വീകരിച്ച് ഒരു അപ്രതീകിച്ചിത ഷോട്ടിലൂടെയാണ് ചൗമെനി പിക്ക്ഫോർഡിനെ കീഴ്പ്പെടുത്തി ലീഡ് എടുത്തത്.
ഈ ഗോളിന് ശേഷം ഇംഗ്ലണ്ടിന്റെ നല്ല നീക്കങ്ങൾ ആണ് കാണാൻ ആയത്. ഹാരി കെയ്നിന്റെ ഗോളെന്ന് ഉറച്ച ഒരു ഷോട്ട് ലോരിസ് ഒരു ഫുൾ ലെങ്ത് സേവിലൂടെ രക്ഷിക്കുന്നത് ആദ്യ പകുതിയിൽ കാണാൻ ആയി. കെയ്നിന്റെയും ഇംഗ്ലണ്ടിന്റെയും ഒരു പെനാൾട്ടി അപ്പീൽ റഫറി നിഷേധിക്കുകയും ചെയ്തു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ജൂഡ് ബെല്ലിങ്ഹാമിന്റെ ഗംഭീര സ്ട്രൈക്കും ലോരിസ് തടഞ്ഞു. തുടർ ആക്രമണങ്ങൾക്ക് അധികം വൈകാതെ ഇംഗ്ലണ്ടിന് ഫലം കിട്ടി. 53ആം മിനുട്ട് ചൗമെനി സാകയെ വീഴ്ത്തിയതിന് ഇംഗ്ലണ്ടിന് അനുകൂലമായി പെനാൾട്ടി വിധിച്ചു. പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് ഹാരി കെയ്ൻ ഇംഗ്ലണ്ടിനെ ഒപ്പം എത്തിച്ചു. ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനായുഌഅ 53ആം ഗോൾ.
ഈ ഗോളിന് പിന്നാലെ ഫ്രാൻസും അറ്റാക്കിലേക്ക് തിരിഞ്ഞു. റാബിയോയുടെ ഒരു ഷോട്ട് പിക്ഫോർഡ് സേവ് ചെയ്ത് കളി സമനിലയിൽ നിർത്തി. മറുവശത്ത് ഹാരി മഗ്വയറും സാകയും ഇംഗ്ലണ്ടിന്റെ രണ്ടാം ഗോളിന് അടുത്ത് എത്തുകയും ചെയ്തു.
76ആം മിനുട്ടിൽ ആറ് വാരെ അകലെ നിന്ന് വന്ന ജിറൂദിന്റെ ഷോട്ട് പിക്ക്ഫോർഡ് തടഞ്ഞ് ഇംഗ്ലണ്ടിനെ രക്ഷിച്ചു. പക്ഷെ തൊട്ടടുത്ത നിമിഷം ഒരു ഹെഡറിലൂടെ ജിറൂഡ് തന്നെ ഫ്രാൻസിന് ലീഡ് നൽകി. സ്കോർ 2-1
81ആം മിനുട്ടിൽ ഹെർണാണ്ടസ് മൗണ്ടിനെ പെനാൾട്ടി ബോക്സിൽ വീഴ്ത്തിയതിന് ഉയർന്ന പെനാൽട്ടി അപ്പീൽ റഫറി നിരസിച്ചു എങ്കിലും VAR പെനാൾട്ടി അനുവദിച്ചു. വീണ്ടും ഹാരി കെയ്ൻ പന്തുമായി പെനാൾട്ട് സ്പോട്ടിൽ. ഇത്തവണ ഹാരി കെയ്ന് പിഴച്ചു. പന്ത് പോസ്റ്റിന് മുകളിലൂടെ ആകാശത്തേക്ക്. സ്കോർ ഫ്രാൻസിന് അനുകൂലമായി 2-1ൽ തുടർന്നു.
ഈ പെനാൾട്ടി നഷ്ടത്തിൽ നിന്ന് കരകയറാൻ ഇംഗ്ലണ്ടിന് ആയില്ല. ഫ്രാൻസ് ഇനി മൊറോക്കോയെ ആകും സെമി ഫൈനലിൽ നേരിടുക.