നിലവിലെ ലോക ചാമ്പ്യന്മാരായ ഫ്രാൻസ് അവരുടെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ആദ്യ പകുതുക്ക് പിരിയുമ്പോൾ ഓസ്ട്രേലിയക്ക് എതിരെ 2-1ന് മുന്നിൽ. ഓസ്ട്രേലിയക്ക് എതിരെ തുടക്കത്തിൽ ഒരു ഗോളിന് പിന്നിൽ പോയ ശേഷം തിരിച്ചടിച്ചാണ് ഫ്രാൻസ് ലീഡ് എടുത്തത്.
ഇന്ന് മത്സരം ആരംഭിച്ച് 9 മിനുട്ടുകൾക്ക് അകം തന്നെ ഓസ്ട്രേലിയ മുന്നിൽ എത്തി. വലതു വിങ്ങിലൂടെ വന്ന ലെക്കി നൽകിയ ക്രോസ് ബാക്ക് പോസ്റ്റിൽ ഓടി എത്തിയ ഗുഡ്വിൻ തന്റെ ഇടം കാലു കൊണ്ട് വലയിലേക്ക് തുളച്ചു കയറ്റുക ആയിരുന്നു. ഈ ഗോളിന് ഇടയിൽ പരിക്കേറ്റ ലുകാസ് ഹെർണാണ്ടസ് കളം വിട്ടത് ഫ്രാൻസിന് തിരിച്ചടിയായി. പകരം സഹോദരൻ തിയോ ഹെർണാണ്ടസ് കളത്തിൽ എത്തി.
ആദ്യം പതറി എങ്കിലും മെല്ലെ ഫ്രാൻസ് കളിയിലേക്ക് തിരികെയെത്തി. 27ആം മിനുട്ടിൽ തിയോ ഹെർണാണ്ടസ് നൽകിയ മനോഹരമായ പാസ് ഒരു ഹെഡറിലൂടെ മധ്യനിര താരം റാബിയോ വലയിലേക്ക് എത്തിച്ചു. സ്കോർ 1-1.
പിന്നെ കളി ഫ്രാൻസിന്റെ കയ്യിൽ ആയി. അഞ്ചു മിനുട്ട് കഴിഞ്ഞു ജിറൂദിലൂടെ ഫ്രാൻസ് ലീഡ് എടുത്തു. ഇത്തവണ ഗോൾ ഒരുക്കുന്ന ജോലി ആയിരുന്നു റാബിയോക്ക്. യുവന്റസ് താരം നൽകിയ പാസ് ടാപിൻ ചെയ്യേണ്ട പണിയേ ജിറൂദിന് ഉണ്ടായിരുന്നുള്ളൂ. ജിറൂദിന്റെ 50ആം ഗോൾ. സ്കോർ 2-1
പിന്നീട് ആദ്യ പകുതിയിൽ ഉടനീളം ഫ്രാൻസ് ആക്രമിച്ചു എങ്കിലും ലീഡ് ഉയർന്നില്ല.ആദ്യ പകുതിക്ക് അവസാനം ഗ്രീസ്മൻ നൽകിയ പാസ് എംബാപ്പെക്ക് നല്ല അവസരം ഒരുക്കി നൽകിയെങ്കിൽ താരം പന്ത് പുറത്ത് അടിക്കുന്നത് ആണ് കാണാൻ ആയത്. മറുവശത്ത് ജാക്സന്റെ ഹെഡർ പോസ്റ്റിൽ തട്ടി മടങ്ങിയത് ഓസ്ട്രേലിയക്കും തിരിച്ചടിയായി.
രണ്ടാം പകുതിയിൽ പെട്ടെന്ന് തന്നെ മൂന്നാം ഗോൾ കണ്ടെത്തി വിജയം ഉറപ്പിക്കുക ആയി ഫ്രാൻസിന്റെ ലക്ഷ്യം.