ആതിഥേയരായ ഓസ്ട്രേലിയയെ സെമി ഫൈനലിൽ തോൽപ്പിച്ച് കൊണ്ട് ഇംഗ്ലണ്ട് വനിതാ ഫുട്ബോൾ ലോകകപ്പ് ഫൈനലിൽ. ഇന്ന് നടന്ന ആവേശകരമായ സെമി ഫൈനലിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആയിരുന്നു ഇംഗ്ലണ്ട് വിജയം. ഇംഗ്ലണ്ട് ഇതാദ്യമായാണ് വനിതാ ലോകകപ്പ് ഫൈനലിൽ എത്തുന്നത്. അവർ ഇപ്പോൾ നിലവിലെ യൂറോ ചാമ്പ്യന്മാരാണ്.
ഇന്ന് ആദ്യ പകുതിയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം നിന്നു. ഇംഗ്ലണ്ട് കൂടുതൽ പന്ത് കൈവശം വെച്ചു എങ്കിലും ഓസ്ട്രേലിയയും മികച്ച നീക്കങ്ങളുമായി കളിയിൽ സജീവമായിരുന്നു. 36ആം മിനുട്ടിൽ എല്ലാ ടൂണിലൂടെ ഇംഗ്ലണ്ട് ലീഡ് എടുത്തു. ആദ്യ പകുതിയിൽ ഇംഗ്ലണ്ട് ഈ ലീഡ് നിലനിർത്തി. രണ്ടാം പകുതിയിൽ ഓസ്ട്രേലിയൻ ക്യാപ്റ്റൻ സാം കെറിലൂടെ ഓസ്ട്രേലിയ സമനില നേടി.സ്കോർ 1-1
71ആം മിനുട്ടിൽ ഓസ്ട്രേലിയയുടെ ഒരു ഡിഫൻസീവ് എറർ മുതലെടുത്ത് ലോറൻ ഹമ്പിലൂടെ ഇംഗ്ലണ്ട് വീണ്ടും ലീഡ് നേടി. പിന്നെ ഓസ്ട്രേലിയ പൂർണ്ണമായും അറ്റാക്കിലേക്ക് തിരിഞ്ഞെങ്കിലും ഫലം ഉണ്ടായില്ല. 86ആം മിനുട്ടിൽ അലീസ റുസ്സോ മൂന്നാം ഗോൾ കൂടെ നേടിയതോടെ ഇംഗ്ലണ്ട് വിജയം ഉറപ്പായി. ഫൈനലിൽ അവർ ഇനി സ്പെയിനെ ആകും നേരിടുക.