ഖത്തർ ലോകകപ്പിലെ മൂന്നാം സ്ഥാനം ക്രൊയേഷ്യക്ക് സ്വന്തം. ഇന്ന് നടന്ന ലൂസേഴ്സ് ഫൈനലിൽ മൊറോക്കോയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ക്രൊയേഷ്യ പരാജയപ്പെടുത്തിയത്. ഇന്ന് വിജയിച്ചിരുന്നു എങ്കിൽ മൊറോക്കോയ്ക്ക് മൂന്നാം സ്ഥാനം സ്വന്തമാക്കുന്ന സൗത് അമേരിക്കയിലെയും യൂറോപ്പിലെയും അല്ലാത്ത ആദ്യ രാജ്യം ആയേനെ.
ഇന്ന് ആദ്യ 8 മിനുട്ടിൽ തന്നെ മത്സരം 1-1 എന്നായിരുന്നു. ഏഴാം മിനുട്ടിൽ ഒരു സെറ്റ് പീസിൽ നിന്നായിരുന്നു ക്രൊയേഷ്യയുടെ ആദ്യ ഗോൾ. മനോഹരമായി പ്ലാൻ ചെയ്ത സെറ്റ് പീസ് അവസാനം ഗ്വാർഡിയോളിന്റെ പവർഫുൾ ഹെഡറിലൂടെ ഗോളായി മാറി. പെരിസിച് ആയിരുന്നു അസിസ്റ്റ് ഒരുക്കിയത്.
ഈ ഗോൾ കഴിഞ്ഞ് രണ്ട് മിനുട്ടിനകം ദാരിയിലൂടെ മൊറോക്കോ സമനില നേടി. ദാരിയുടെ ഗോളും ഒരു സെറ്റ് പീസിൽ നിന്നായിരുന്നു. ഇതിനു ശേഷം മത്സരം ആവേശകരമായിരുന്നു. നിരവധി ചാൻസുകൾ ഇരു ഭാഗത്തും വന്നു. അവസാനം 42ആം മിനുട്ടിൽ ക്രൊയേഷ്യ ലീഡ് എടുത്തു. ഒരിസിഛിന്റെ മനോഹര സ്ട്രൈക്ക് ആയിരുന്നു വിജയം ഉറപ്പിച്ച ക്രൊയേഷ്യൻ ഗോളായി മാറിയത്.
രണ്ടാം പകുതിയിൽ മൊറോക്കോ സമനില നേടാനും ക്രൊയേഷ്യ ലീഡ് ഉയർത്താനും ശ്രമിച്ചു എങ്കിലും സ്കോർ നില മാറിയില്ല.