ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിന് ഇറങ്ങിയ ബ്രസീൽ ഇന്ന് സെർബിയക്ക് എതിരായ ആദ്യ പകുതി കഴിയുമ്പോൾ ഗോൾ രഹിത സമനിലയിൽ നിൽക്കുകയാണ്. ആദ്യ പകുതിയിൽ സെർബിയൻ ഡിഫൻസിനെ കാര്യമായി പരീക്ഷിക്കാൻ ബ്രസീലിന് ആയില്ല.
തീർത്തും അറ്റാക്കിംഗ് ലൈനപ്പുമായി ഇറങ്ങിയ ബ്രസീൽ തുടക്കം മുതൽ ഇന്ന് സെർബിയൻ ഡിഫൻസിലേക്ക് പാഞ്ഞടുക്കാൻ ആണ് നോക്കിയത്. എന്നാൽ എന്നും ഓർഗനൈസ്ഡ് ആയി ഒരു ടീമെന്ന പോലെ കളിക്കുന്ന സെർബിയൻ ഡിഫൻസിനെ കീഴ്പ്പെടുത്തുക അത്ര എളുപ്പമായിരുന്നില്ല. ഡീപായി ഡിഫൻഡ് ചെയ്യാൻ സെർബിയ തീരുമാനിച്ചത് കൊണ്ട് അറ്റാക്കിംഗ് തേർഡിൽ സ്പേസ് കണ്ടെത്താൻ ബ്രസീൽ പ്രയാസപ്പെട്ടു.
20ആം മിനുട്ടിൽ കസമേറോയുടെ ഒരു ലോങ് റേഞ്ചർ ആയിരുന്നു സെർബിയയെ സമ്മർദ്ദത്തിൽ ആക്കിയ ആദ്യ ഗോൾ ശ്രമം. പക്ഷെ ഗോൾ കീപ്പർ മിലിങ്കോവിച് സാവിച് പതറിയില്ല. 34ആം മിനുട്ടിൽ പക്വേറ്റയും റഫീഞ്ഞയും ചേർന്ന് നടത്തിയ നീക്കം സെർബിയൻ ഡിഫൻസ് തുറന്നു എങ്കിലും റഫീഞ്ഞയുടെ ഇടം കാലൻ ഷോട്ട് ഗോൾ കീപ്പർക്ക് നേരെ ആയത് കളി ഗോൾ രഹിതമായി നിർത്തി.
വിനീഷ്യസും നെയ്മറും നടത്തിയ അറ്റാക്കിംഗ് റണ്ണുകൾ എല്ലാം ആദ്യ പകുതിയിൽ ഫലമില്ലാത്ത റണ്ണുകളാക്കി മാറ്റാൻ സെർബിയക്ക് ആയി. ബ്രസീൽ സ്ട്രൈക്കർ റിച്ചാർലിസൺ ആകട്ടെ ആദ്യ പകുതിയിൽ അധികം പന്ത് തൊട്ടതുമില്ല.
40ആം മിനുട്ടിൽ കസമേറൊയുടെ പാസിൽ നിന്ന് വിനീഷ്യസിന് ഒരു സുവർണ്ണാവസരം ലഭിച്ചു. വിനീഷ്യസിന്റെ ഷോട്ട് പക്ഷെ ടാർഗറ്റിൽ നിന്ന് ഏറെ വിദൂരത്തേക്കാണ് പോയത്.