ലോകകപ്പ് ചരിത്രത്തിലെ ഒരു സ്വപ്ന കുതിപ്പിലാണ് ബെൽജിയം ഇപ്പോൾ. അവരുടെ ഫുട്ബോൾ ഇതുവരെ കണ്ട ഏറ്റവും മികച്ച തലമുറയാകും ഇത്തവണ ലോകകപ്പിന് എത്തിയിരിക്കുന്നത്. ഇന്ന് ഈ ലോകകപ്പ് ഫേവറിറ്റ്സ് എന്ന് ഭൂരിഭാഗം പേരും വിളിച്ചിരുന്ന ബ്രസീലിനെയും അവർ നാട്ടിലേക്ക് അയച്ചിരിക്കുകയാണ്. ഇന്നത്തെ വിജയം ബെൽജിയത്തിന് സമ്മാനിച്ചിരിക്കുന്നത് അവരുടെ ചരിത്രത്തിലെ രണ്ടാം സെമി ഫൈനൽ ആണ്.
1986ൽ ആയിരുന്നു ഇതിന് മുമ്പ് ബെൽജിയം സെമിയിൽ എത്തിയത്. അത് ഒരു അത്ഭുത യാത്രയായിരുന്നു. മെക്സിക്കോയിൽ നടന്ന ആ ലോകകപ്പിൽ ബെൽജിയത്തിന്റെ നോക്കൗട്ട് വിജയങ്ങൾ എല്ലാം എല്ലാവരെയും ഞെട്ടിച്ചിരുന്നു. അന്ന് അവസാനം മറഡോണയുടെ ഇരട്ട ഗോളുകൾക്ക് മുന്നിലാണ് സെമിയിൽ ബെൽജിയം വീണത്. ഇത്തവണത്തെ പ്രത്യേകത ബെൽജിയത്തിന്റെ വിജയങ്ങൾ ഒന്നും ആർക്കും അത്ഭുതമല്ല എന്നതാണ്.
ബ്രസീലിനെ തോൽപ്പിച്ചപ്പോൾ പോലും അതും ആൾക്കാർ പ്രതീക്ഷിച്ചതു പോലെയെ പ്രതികരണങ്ങൾ വന്നുള്ളൂ. ബെൽജിയം ഇത്തവണ അത്രയ്ക്കും മികച്ചു നിൽക്കുന്നു. കളിച്ച ഒരു കളിയിലും പതറിയില്ല. ആകെ വിറച്ചത് ജപ്പാന്റെ മുന്നിൽ ഒരു 10 മിനുട്ട് ആയിരുന്നു. അതും അവർ രാജകീയമായി മറികടന്നു. ഇംഗ്ലണ്ടിനെതിരെ 9 മാറ്റങ്ങൾ വരുത്തി കളിച്ചപ്പോഴും വിജയം തന്നെയായിരുന്നു ഫലം.
ഇനി ഫ്രാൻസ് ആണ് എതിരാളികൾ. എളുപ്പമല്ല ബെൽജിയത്തിന് ഒന്നും. പക്ഷെ ബെൽജിയത്തിന് നഷ്ടപ്പെടാൻ ഒന്നുമില്ല. ഇതിനകം തന്നെ ഈ ലോകകപ്പ് അവരുടെ ഏറ്റവും മികച്ച ലോകകപ്പാക്കി മാറ്റിയിരിക്കുന്നു. ഇനി നേടാൻ മാത്രമെ ഉള്ളൂ ബെൽജിയത്തിന്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
