ബെൽജിയൻ കൗണ്ടർ അറ്റാക്കിൽ ഹൃദയം തകർന്ന് കാനറികൾ!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്നത്തെ മത്സരത്തിൽ ബെൽജിയം ഇതുവരെ കളിച്ച ബെൽജിയമെ ആയിരുന്നില്ല. ഇതുവരെ കളിച്ച ബെൽജിയം മോശമായിരുന്നു എന്നല്ല. പക്ഷെ ഇന്ന് ബെൽജിയം ആകെ മാറി ആയിരുന്നു ഇറങ്ങിയത് തന്നെ. ഒരു റോബേർട്ടോ മാർട്ടിനസ് മാസ്റ്റർ ക്ലാസായിരുന്നു ഇതെന്നും പറയാം. ഇതുവരെ ബെൽജിയം ഇറങ്ങിയത് ഡിബ്രുയിനെ മധ്യനിരയിൽ ഇറക്കിയായിരുന്നു. അങ്ങനെയൊരു ഫോർമേഷൻ തന്നെയാകും ടിറ്റെയും ഇന്ന് പ്രതീക്ഷിച്ചു കാണുക.

പക്ഷെ മാർട്ടിമെസിന്റെ പ്ലാൻ വേറെ ആയിരുന്നു. ഫെല്ലൈനിയെ മധ്യനിരയിലേക്ക് കൊണ്ടുവന്ന മാർട്ടിനെസ് മുൻ നിരയിലേക്ക് ഡിബ്ര്യുയിനെ വിട്ട് ഹസാർഡ്-ലുകാകു-ഡിബ്രുയിൻ എന്നൊരു ത്രയം ബ്രസീൽ ഡിഫൻസിന്റെ മുന്നിൽ സൃഷ്ടിച്ചു. പ്രീമിയർ ലീഗിൽ മികച്ച മൂന്ന് ക്ലബുകളുടെ ഏറ്റവും മികച്ച അറ്റാക്കിംഗ് താരങ്ങൾ. യുണൈറ്റഡിന്റെ ലുകാകുവും, ചെൽസിയുടെ ഹസാർഡും, സിറ്റിയുടെ ഡിബ്രുയിനും സാംബ താളം തെറ്റിച്ചെന്നു തന്നെ പറയാം.

ഇന്ന് കണ്ട ആദ്യ പകുതിയെ ബെൽജിയം ഈ അടുത്ത കാലത്ത് കണ്ട ഏറ്റവും മികച്ച കൗണ്ടർ അറ്റാക്കിംഗ് ടാക്ടിക്സായിരുന്നു. ഒരോ തവണ ബെൽജിയത്തിന്റെ അറ്റാക്കിംഗ് പകുതിയിലേക്ക് പന്തു പോവുമ്പോഴും അതൊരു ഗോൾ ചാൻസാകാൻ മാത്രം മികച്ച കൗണ്ടർ അറ്റാക്കിംഗ്. ബെൽജിയത്തിന്റെ രണ്ടാം ഗോളിൽ കലാശിച്ചതും അങ്ങനെയൊരു കൗണ്ടറായിരുന്നു.

ബ്രസീലിന്റെ അറ്റാക്കിൽ നിന്ന് പന്ത് സ്വീകരിച്ച ലുകാകു മുഴുവൻ ബ്രസീൽ ഡിഫൻസിനെയും മറികടന്ന് ഡിബ്രുയിന് പന്ത് കൊടുത്തതും ആ പന്ത് വലയിൽ എത്തിയതും ഒക്കെ നിമിഷ നേരം കൊണ്ടായിരുന്നു. കഴിഞ്ഞ കളിയിൽ ജപ്പാനെതിരെ വിജയം നേടിയ കൗണ്ടർ അറ്റാക്കിംഗ് ഗോൾ പോലെ മറ്റൊരു മനോഹര ഗോളായിരുന്നു ഡിബ്രുയിൻ ഗോൾ.

ഡിഫൻസിന് പേര് കേട്ട ടിറ്റയുടെ ഡിഫൻസിനെ വരെ ഈ മൂവർ സംഘം തകർത്തെന്നു പറയാം. രണ്ട് ഗോൾ അടിച്ചതിന് ശേഷം രണ്ടാം പകുതിയിൽ പ്രതിരോധത്തിലേക്ക് ബെൽജിയം മാറി. അല്ലായെങ്കിൽ ആ കൗണ്ടർ അറ്റാക്കിംഗ് സൗന്ദര്യം 90 മിനുട്ടും കാണാൻ ഫുട്ബോൾ ആരാധകർക്ക് കഴിഞ്ഞേനെ. ഈ അറ്റാക്കിംഗ് ത്രയം ലോകഫുട്ബോൾ എന്നും ഓർക്കുന്ന ഒന്നാവാൻ ഇന്നത്തെ മത്സരം മാത്രം മതിയാകും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial