വനിതാ ഫുട്ബോൾ ലോകകപ്പിൽ ഓസ്ട്രേലിയ പ്രീക്വാർട്ടർ ഉറപ്പിച്ചു. ഇന്ന് ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തിൽ കാനഡയെ നേരിട്ട ഓസ്ട്രേലിയ എതിരില്ലാത്ത നാലു ഗോൾകൾക്ക് വിജയിച്ചു. നിറഞ്ഞ ഗ്യാലറിക്കു മുന്നിൽ അവരുടെ സൂപ്പർ സ്റ്റാർ സാം കെർ ആദ്യ ഇലവനിൽ ഇല്ലാതെ തന്നെ ഓസ്ട്രേലിയക്ക് വിജയം ഉറപ്പിക്കാൻ ആയി.
ആദ്യ പകുതിയിൽ ഹെയ്ലി റാസോ നേടിയ ഇരട്ട ഗോളുകൾ ഓസ്ട്രേലിയയെ ശക്തമായ നിലയിൽ എത്തിച്ചു. 9ആം മിനുട്ടിലും 39ആം മിനുട്ടിലും ആയിരുന്നു റാസോയുടെ ഗോളുകൾ. താരം ഒരു തവണ കൂടെ ആദ്യ പകുതിയിൽ വല കുലുക്കിയിരുന്നു എങ്കിലും വാർ ആ ഗോൾ നിഷേധിച്ചത് കൊണ്ട് ഹാട്രിക്ക് നഷ്ടമായി.
രണ്ടാം പകുതിയിൽ മേരി ഫൗളർ കൂടെ ഗോൾ നേടിയതോടെ ഓസ്ട്രേലിയയുടെ ലീഡ് 3 ആയി. മത്സരത്തിന്റെ ഇഞ്ച്വറി ടൈമിൽ പെനാൾട്ടിയിൽ നിന്ന് സ്റ്റീഫ് കട്ലി കൂടെ നേടി വിജയം പൂർത്തിയാക്കി. ഈ വിജയത്തോടെ ഓസ്ട്രേലിയ 3 മത്സരങ്ങളിൽ നിന്ന് 6 പോയിന്റുമായി ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. നൈജീരിയ 5 പോയിന്റുമായി രണ്ടാം സ്ഥാനത്തും ഫിനിഷ് ചെയ്തു. ഈ രണ്ട് ടീമും പ്രീക്വാർട്ടറിലേക്ക് മുന്നേറിയപ്പോൾ കാനഡ 4 പോയിന്റു മാത്രം നേടി ടൂർണമെന്റിൽ നിന്ന് പുറത്തായി.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ നൈജീരിയ ഇന്ന് അയർലണ്ടിനെ സമനിലയിൽ പിടിച്ചിരുന്നു.