വനിതാ ലോകകപ്പിൽ ആതിഥേയരായ ഓസ്‌ട്രേലിയയുടെ കുതിപ്പ്. ഡെൻമാർക്കിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തകർത്ത് കൊണ്ട് അവർ അവസാന എട്ടിലേക്ക് മാർച്ച് ചെയ്തു. കൈറ്റ്ലിൻ ഫൂർഡ്, ഹാലെയ് റാസോ എന്നിവർ വല കുലുക്കി. ജയത്തിന് പുറമെ സൂപ്പർ താരം സാം കെർ പരിക്ക് ഭേദമായി കളത്തിലേക്ക് തിരിച്ചു വന്നത് ടീമിന് കൂടുതൽ ഊർജം പകരും. ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങൾ നഷ്ടമായ താരത്തിന്റെ സേവനം നിർണായകമായ നോക്ഔട്ട് മത്സരങ്ങളിൽ ഓസ്‌ട്രേലിയക്ക് ലഭിക്കും.
ആതിഥേയരുടെ നീക്കങ്ങൾക്ക് മധ്യനിരയിൽ തന്നെ തടയിടനുള്ള തന്ത്രങ്ങളുമായാണ് ഡെന്മാർക്ക് കളത്തിൽ ഇറങ്ങിയത്. ആദ്യ നിമിഷങ്ങളിൽ ഓസ്‌ട്രേലിയക്ക് ഒത്ത എതിരാളികൾ ആണ് തങ്ങളെന്ന സൂചന അവർ നൽകി. എന്നാൽ മികച്ചൊരു കൗണ്ടർ അറ്റാക്ക് ഗോളുമായാണ് ഓസ്‌ട്രേലിയൻ ഇതിന് മറുപടി നൽകിയത്. ഡെന്മാർക്ക് മുന്നേറ്റത്തിന് തടയിട്ട ഓസ്‌ട്രേലിയൻ പ്രതിരോധം ഫൗളറിലൂടെ മറു നീക്കം ആരംഭിച്ചു. താരം കൃത്യമായി ഓടിക്കയറിയ ഫൂർഡിന് ബോൾ കൈമാറി. ആഴ്‌സനൽ താരം കീപ്പറേ മറികടന്ന് മത്സരത്തിലെ ആദ്യ ഗോൾ കുറിച്ചു. 29ആം മിനിറ്റിലാണ് ഗോൾ പിറന്നത്. 38 ആം മിനിറ്റിൽ താരത്തിന്റെ മറ്റൊരു ഷോട്ട് ലക്ഷ്യത്തിൽ നിന്നും അകന്ന് പോയി. പന്ത് കൂടുതൽ കൈവശം വെക്കാനുള്ള ഡെന്മാർക്കിന്റെ ശ്രമം പക്ഷെ കൃത്യമായ അവസരങ്ങൾ സൃഷ്ടിക്കാൻ പൊന്നതായിരുന്നില്ല. 70 ആം മിനിറ്റിൽ ഓസ്‌ട്രേലിയ രണ്ടാം ഗോൾ നേടി. ഡെന്മാർക്ക് ബോസ്‌കിലേക്ക് കയറിയ മുന്നേറ്റം ഒഴിഞ്ഞു നിന്ന റസോയിലേക്ക് എത്തിയപ്പോൾ താരം അനായാസം ലക്ഷ്യം കണ്ടു. 77 ആം മിനിറ്റിൽ ഡെന്മാർക്ക് ഫ്രീകിക്ക് ഓസ്‌ട്രേലിയൻ പ്രതിരോധം രക്ഷപ്പെടുത്തി. 78ആം മിനിറ്റിൽ സാം കെർ കളത്തിൽ എത്തി. കാനഡക്കെതിരെ ജീവൻമരണ പോരാട്ടത്തോട് പ്രീ ക്വർട്ടറിലേക്ക് കടന്ന ഓസ്ട്രേലിയക്ക് ഇന്നത്തെ ഫലവും നൽകുന്ന ആത്മവിശ്വാസം ചെറുതാകില്ല.