അങ്ങനെ ഖത്തർ ലോകകപ്പിലെ കലാശ പോരാട്ടം തീരുമാനമായി. നിലവിലെ ലോക ചാമ്പ്യന്മാരായ ഫ്രാൻസും മെസ്സിയുടെ ആദ്യ കിരീടം തേടിയെത്തുന്ന അർജന്റീനയും ആകും ലുസൈൽ സ്റ്റേഡിയത്തിൽ ഞായറാഴ്ച കിരീടത്തിനായി നേർക്കുനേർ വരിക. ഇന്ന് സെമി ഫൈനലിൽ മൊറോക്കോയെ തോൽപ്പിച്ചാണ് ഫ്രാൻസ് ഫൈനലിലേക്ക് മാർച്ച് ചെയ്തത്. ഫ്രാൻസ് ക്വാർട്ടറിൽ ഇംഗ്ലണ്ടിനെയും പ്രീക്വാർട്ടറിൽ പോളണ്ടിനെയും ആയിരുന്നു തോൽപ്പിച്ചത്.
ഗ്രൂപ്പ് ഘട്ടത്തിൽ ഫ്രാൻസ് ഒന്നാമത് ആയിരുന്നു എങ്കിലും അവർക്ക് ടുണീഷ്യയോട് ഒരു പരാജയം നേരിടേണ്ടി വന്നിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ ഡെന്മാർക്കിനെയും ഓസ്ട്രേലിയയെയും തോൽപ്പിക്കാനും ഫ്രാൻസിനായി. അർജന്റീനയെ തോൽപ്പിച്ച് കിരീടം നേടുക ആണെങ്കിൽ 1962ൽ ബ്രസീൽ കിരീടം നിലനിർത്തിയ ശേഷം കിരീടം നിലനിർത്തുന്ന ആദ്യ രാജ്യമാകും ഫ്രാൻസ്.
അർജന്റീന ഗ്രൂപ്പ് ഘട്ടം തുടങ്ങിയത് തന്നെ ഒരു പരാജയത്തിലൂടെ ആയിരുന്നു. സൗദിയോട് ഏറ്റ അപ്രതീക്ഷിത പരാജയത്തിനു ശേഷം അർജന്റീന ഫൈനൽ വരെ അഞ്ചു കളികൾ തുടർച്ചയായി വിജയിച്ചു. ഗ്രൂപ്പിൽ മെക്സിക്കോയേയും പോളണ്ടിനെയും തോൽപ്പിച്ച അർജന്റീനക്ക് ഗ്രൂപ്പ് ചാമ്പ്യന്മാരാകാൻ ആയി.
പ്രീക്വാർട്ടറിൽ അർജന്റീനക്ക് മുന്നിൽ ഉണ്ടായിരുന്നത് ഓസ്ട്രേലിയ ആയിരുന്നു. അനായാസം ആ വെല്ലുവിളി അവർ മറികടന്നു. ക്വാർട്ടറിൽ പെനാൾട്ടി ഷൂട്ടൗട്ട് വരെ നീണ്ട പോരാട്ടത്തിന് ഒടുവിൽ അവർ നെതർലാന്റ്സിനെ വീഴ്ത്തി. പിന്നെ സെമിയിൽ ഏകപക്ഷീയമായി ക്രൊയേഷ്യയെയും അർജന്റീന പരാജയപ്പെടുത്തി.