ഫാൻപോർട്ടിന്റെ ലോകകപ്പ് ടീം അറിയാം

- Advertisement -

32 ടീമുകൾ, 64 മല്സരങ്ങൾക്കൊടുവിൽ കറുത്ത കുതിരകളായ ക്രൊയേഷ്യയെ മുട്ടുകുത്തിച്ച് കരുത്തരായ ഫ്രാൻസ് ലോകകപ്പ് നേടിയിരിക്കുന്നു. വാശിയേറിയ പോരാട്ടങ്ങൾ കണ്ട ലോകകപ്പിൽ നടത്തിയ പ്രകടനം കണക്കിലെടുത്തു ഫാൻപോർട്ടും ലോകകപ് ഇലവനെ തിരഞ്ഞെടുക്കുകയാണ്. ഫാൻപോർട്ടിന്റെ ലോകകപ് ഡെസ്ക് തിരഞ്ഞെടുത്ത ടീമാണ് ചുവടെ. ലോകചാമ്പ്യന്മാരയ ഫ്രാൻസിൽ നിന്നും 4 പേര് ടീമിൽ ഇടം നേടിയപ്പോൾ 4 പേരുമായി ബെൽജിയവും ഒപ്പമെത്തി. റണ്ണറപ്പുകളായ ക്രൊയേഷ്യയിൽ നിന്നും രണ്ടു പേര് ഇടം നേടിയപ്പോൾ ഒരു സ്ഥാനം ഉറുഗ്വേ കരസ്ഥമാക്കി.

ഗോൾ കീപ്പർ

തിബോ കോർട്ടോ: ബെൽജിയത്തിന്റെ ഈ ഒന്നാം നമ്പർ ഗോൾ കീപ്പറായിരുന്നു ലോകകപ്പിലെ ഗോൾഡൻ ഗ്ലോവിനും അർഹനായിരുന്നത്. ലോകകപ്പിൽ ഉടനീളമായി ആറു ഗോളുകൾ വഴങ്ങിയിരുന്നു എങ്കിലും നിർണായകമായ സേവുകളുമായി പലപ്പോഴും ബെൽജിയത്തിന്റെ രക്ഷക്കെത്തിയത് കോർട്ടോ ആയിരുന്നു, ബ്രസീലിനെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിലെ അവസാന മിനിറ്റിൽ നെയ്മറുടെ ഷോട്ട് തടഞ്ഞു ബെൽജിയത്തെ സെമിയിലേക്ക് നയിച്ചതും കോർട്ടോ തന്നെ.

ഡിഫൻഡർമാർ

തോമസ് മുനിയെ: ബെൽജിത്തിന്റെ റൈറ്റ് വിങ്ങിൽ പതറാത്ത പ്രതിരോധം തീർത്ത തോമസ് മുനിയെ ആണ് ഫാൻപോർട് എലവനിലും റൈറ്റ് വിങ്ങിൽ. പിഎസ്ജിയുടെ താരമായ മുനിയെ ബെൽജിയത്തിന്റെ മുന്നേറ്റത്തിൽ നിർണായകമായിരുന്നു. റോബർട്ടോ മാർട്ടിനസിന്റെ വിശ്വാസം കാത്ത മുനിയെ ഒരു ഫുൾബാക് എന്ന നിലയിൽ അറ്റാക്കിങ്ങിലും പ്രതിരോധത്തിലും മികച്ചു നിന്ന്. ഏരിയൽ ബോള്സിൽ മികച്ചു നിന്ന മുനിയെ ഡി ബ്രൂയ്ൻ – ലുകാകു – ഹസാഡ് മുന്നേറ്റ നിരക്ക് മികച്ച പിന്തുണയും നൽകി.

റാഫേൽ വരാൻ: റയൽ മാഡ്രിഡിന്റെ ഈ സെന്റർ ബാക്കിനെ കൂടാതെ ലോകകപ്പ് ഇലവൻ പൂർത്തിയാക്കാനാവില്ല. ദെഷാംപ്‌സിന്റെ ഫ്രാൻസ് ടീമിന്റെ പ്രതിരോധത്തിലെ ഇളകാത്ത പാറ പോലെ ഉറച്ചു നിന്ന വരാൻ നിർണായക സമയത്തു ഗോൾ നേടിയും ടീമിനെ സഹായിച്ചു. ബെൽജിയത്തിനെതിരായ സെമി ഫൈനൽ പോരാട്ടത്തിൽ ലുകാകുവിനെ “പോക്കറ്റിൽ” ആക്കിയത് മാത്രം മതി വരാൻറെ മികവറിയാൻ.

ഡിയാഗോ ഗോഡിൻ: ലോകത്തിലെ ഏറ്റവും മികച്ച സെന്റർ ബാക്കുകളിൽ ഒരാളായ ഗോഡിൻ ലോകകപ്പിലും മികച്ചു നിന്നു. ഗ്രൂപ്പ് ഘട്ടത്തിൽ ഒരു ഗോൾ പോലും വഴങ്ങാതെയാണ് ഉറുഗ്വേ പ്രീക്വാർട്ടറിലേക്ക് മുന്നേറിയത്, ഗോഡിന്റെ പ്രകടനം തന്നെയായിരുന്നു നിർണായകമായിരുന്നത്. ഗോഡിന്റെ ലീഡര്ഷിപ് ക്വാളിറ്റിയും ഉറുഗ്വേയുടെ മുന്നേറ്റത്തിൽ നിർണായകമായിരുന്നു. ഉറുഗ്വേയുടെ പോരാട്ടം ക്വാർട്ടറിൽ അവസാനിച്ചിരുന്നു എങ്കിലും പ്രീക്വാർട്ടറിൽ സാക്ഷാൽ ക്രിസ്റ്റയാനോ റൊണാൾഡോയെ ഗോളടിക്കാൻ വിടാതെ വിജയിച്ചു കയറാനും ഗോഡിന്റെ ഉറുഗ്വേക്കായിരുന്നു.

സിമെ വെർസാൽകോ: ലോകകപ്പിലെ കറുത്ത കുതിരകളായ ക്രൊയേഷ്യയുടെ ലെഫ്റ്റ് ബാക്ക്, തന്നെ ഏല്പിച്ച ജോലി ഭംഗിയായി പൂർത്തിയാക്കിയ വെർസാൽകോ ഫാൻപോർട്ടിന്റെ ലോകകപ്പ് ഇലവനിൽ ഇടം നേടുന്നു. അത്ലറ്റികോ മാഡ്രിഡിന്റെ താരമായ വെർസാൽകോ അർജന്റീനക്കെതിരായ മത്സരത്തിലും റഷ്യക്കെതിരായ മത്സരത്തിലും കൈയും മെയ്യും മറന്നു പോരാടി. ക്വാർട്ടർ ഫൈനലിൽ റഷ്യക്കെതിരെ 120 മിനിറ്റും പരിക്ക് വകവെക്കാതെയാണ് വെർസാൽകോ കളിച്ചത്.

മിഡ്ഫീൽഡർമാർ

ലൂക്ക മോഡ്രിച്ച്: റഷ്യൻ ലോകകപ്പിലെ ഏറ്റവും മികച്ച താരത്തിനുള്ള ഗോൾഡൻബോൾ ജേതാവ്. ക്രൊയേഷ്യൻ മുന്നേറ്റങ്ങളുടെ എല്ലാം രചയിതാവ്. ക്രൊയേഷ്യക്ക് വേണ്ടി ഒരു പക്ഷെ തന്റെ അവസാന ലോകകപ്പിന് ഇറങ്ങിയ മോഡ്രിച്ച് തന്നെ കഴിവെല്ലാം കളത്തിൽ പുറത്തെടുത്തു ടീമിന്റെ ജീവനാഡി ആയി. നൈജീരിയക്കെതിരെയും അർജന്റീനക്കെതിരെയും ഗോൾ കണ്ടെത്തിയ മോഡ്രിച്ച്, റാകിറ്റിച്ചിന്റെ കൂടെ ചേർന്ന് ടീമിനെ തങ്ങളുടെ ചരിത്രത്തിലെ തന്നെ ആദ്യത്തെ ഫൈനലിൽ എത്തിച്ചു.

എംഗാലോ കാന്റെ: ഈ ലോകകപ്പിലെ തന്നെ ഏറ്റവും അണ്ടർറേറ്റഡ് താരം, ഫ്രാൻസ് ടീമിന്റെ എഞ്ചിൻ ആയിരുന്നു കാന്റെ. മധ്യനിരയിൽ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ച കാന്റെ ലോകകപ്പിലെ കളിച്ച മത്സരങ്ങളിൽ എല്ലാം ആദ്യ മിനുട്ട് മുതൽ അവസാന മിനുട്ട് വരെ ഒരേ ഊർജ്ജവുമായി പ്രവർച്ചിച്ച കാന്റെ എതിർ ടീമുകളുടെ നീക്കങ്ങളെ തടയുന്നതിൽ മികച്ചു നിന്നു. ലോകത്തിലെ ഏറ്റവും മികച്ച ഡിഫൻസീവ് മിഡ്ഫീൽഡർ ആയ കാന്റെ ലോകകപ്പിലും തന്റെ മികച്ച പ്രകടനം ആവർത്തിച്ചു. ഫ്രാൻസ് പ്രതിരോധത്തിന്റെ മുന്നിൽ ഒരു ഷീൽഡ് ആയി നിന്ന കാന്റെയാണ് ഫാൻപോർട്ട് ലോകകപ്പ് ഇലവനിലെ ഡിഫൻസീവ് മിഡ്ഫീൽഡ് റോൾ ചെയുന്നത്.

പോൾ പോഗ്ബ: ബോക്സ് റ്റു ബോക്സ് മിഡിഫീൽഡർ ആയ പോഗ്ബയാണ് മിഡ്ഫീൽഡിലെ മൂന്നാമൻ. വിമർശകരുടെ വായടപ്പിച്ച പ്രകടനമായിരുന്നു പോഗ്ബയുടെത്. ഫ്രാൻസ് ഗ്രൂപ്പ് ഘട്ടത്തിൽ നേടിയ ഗോളുകളിൽ എല്ലാം പോഗ്ബയുടെ സ്പർശം ഉണ്ടായിരുന്നു. അക്രമണത്തിനൊപ്പം നിർണായകമായ ടാക്കിളുകളിലൂടെയും മികച്ച ലോങ്ങ് ബോളുകളിലൂടെയും ടീമിന്റെ നെടുംതൂണാവാൻ പോഗ്ബക്കായി. എമ്പാപ്പെയുമായുള്ള പോഗ്ബയുടെ ലിങ്ക് അപ്പും നിർണായകമായിരുന്നു.

ഫോർവേഡുകൾ

കെയ്‌ല്യൻ എമ്പാപ്പെ: ലോകകപ്പിലെ ഏറ്റവും മികച്ച യുവതാരമായി തിരഞ്ഞെടുക്കപ്പെട്ട എമ്പാപ്പെ, ലോകത്തെ ഏറ്റവും മൂല്യമേറിയ യുവതാരമായി മാറിയത് എങ്ങനെയാണ് എന്ന് തെളിയിച്ചു. തന്റെ വേഗം കൊണ്ടും ഡ്രിബ്ലിങ് പാടവം കൊണ്ടും പ്രതിരോധങ്ങളെ ബേധിച്ച എമ്പാപ്പെ മെസ്സിയുടെ അർജന്റീനയെ തകർത്ത രണ്ടു ഗോളുകൾ അടക്കം നാല് ഗോളുകൾ ആണ് നേടിയത്. ഗോൾ നേടാത്ത മത്സരങ്ങളിലും സഹതാരങ്ങൾക്ക് സ്‌പേസ് ഉണ്ടാക്കി കൊടുത്തും മികച്ചു നിന്നു എമ്പാപ്പെ, ഉറുഗ്വേക്കെതിരായ മത്സരവും ബെൽജിത്തിനെതിരായ മത്സരവും ഇതിനു ഉദാഹരണങ്ങളാണ്.

റൊമേലു ലുകാകു: ആറു ഗോളുകൾ നേടിയ ഹാരി കെയ്നിനേക്കാൾ ലോകകപ് ഇലവനിൽ സ്ഥാനം അർഹിക്കുന്നുണ്ട് നാല് ഗോളുകൾ നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ റൊമേലു ലുകാകു. ഒരു സ്‌ട്രൈക്കർ എന്നാൽ ഗോൾ അടിക്കുക മാത്രമല്ല ഗോൾ അടിക്കാൻ വേണ്ടി സഹ താരങ്ങൾക്ക് സ്‌പേസ് ഉണ്ടാക്കി നൽകുക കൂടെയാണ് എന്ന് ലുകാകു തെളിയിച്ചു. ബ്രസീലിയൻ മധ്യ നിരയെയും പ്രതിരോധത്തെയും കീറി മുറിച്ചു ലുകാകു നടത്തിയ റണും ജപ്പാനെതിരെ അവസാന മിനിറ്റിൽ ചാഡ്‌ലിക്ക് ഗോൾ അടിക്കാൻ വേണ്ടി ലുകാകു നടത്തിയ ഡമ്മി മൂവും എല്ലാം ലോകോത്തരമായിരുന്നു. ഫാൻപോർട്ടിന്റെ ലോകകപ്പ് ഇലവനിലെ നമ്പർ 9 ലുകാകുവാണ്.

ഈഡൻ ഹസാഡ്: ബെൽജിയത്തെ ലോകകപ്പിലെ അവരുടെ ഏറ്റവും മികച്ച നേട്ടമായ മൂന്നാം സ്ഥാനം നേടാൻ സഹായിച്ചത് ചെൽസിയുടെ ഈഡൻ ഹസാഡ് ആണ്. പന്ത് കൈവശം വെക്കുന്നതിലും ഡ്രിബിൾ ചെയ്യുന്നതിലും എല്ലാം മികച്ചു നിന്ന ഹസാഡ് മൂന്നു ഗോളുകൾ നേടി ഗോൾ വേട്ടക്കാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്ത് എത്തുകയും ചെയ്‌തു. ലോകകപ്പിലെ ഗോൾഡൻ ബോൾ പോരാട്ടത്തിൽ മോഡ്രിച്ചിന് പിറകിൽ രണ്ടാം സ്ഥാനത്തെത്താനും ഹസാഡിനായി.

സബ്സ്റ്റിറ്റ്യുറ്റുകൾ: ലോറിസ്, ട്രിപ്പ്യർ, ഹെർണാണ്ടസ്, റാക്കിറ്റിച്ച്, പെരിസിച്ച്, ഡിബ്രൂയ്ൻ, ഗ്രീസ്മാൻ.

 

 

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement