ഇന്ന് ഫിഫ ബെസ്റ്റ് പുരസ്കാരങ്ങൾ പ്രഖ്യാപിക്കാൻ ഇരിക്കുകയാണ്. ഇന്ന് പാരീസിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ പ്രഖ്യാപിക്കും. അർജന്റീനയ്ക്ക് ഇതിൽ മൂന്ന് പ്രധാന അവാർഡുകൾ ലഭിക്കും എന്ന് യൂറോപ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്റ്റാർ ഫോർവേഡ് ലയണൽ മെസ്സി മികച്ച കളിക്കാരനുള്ള അവാർഡും ലയണൽ സ്‌കലോനി മികച്ച പരിശീലകനുള്ള പുരസ്കാരവും ഗോൾകീപ്പർ എമി മാർട്ടിനെസ് മികച്ച ഗോൾകീപ്പർക്കുള്ള പുരസ്‌കാരവും നേടും എന്നും മാഴ്സ റിപ്പോർട്ട് ചെയ്യുന്നു. ഇതാദ്യമായാകും ഫിഫ ബെസ്റ്റിൽ ഈ മൂന്ന് പുരസ്കാരങ്ങളും ഒരു രാജ്യത്തേക്ക് പോകുന്നത്.
2022 ലെ ഖത്തർ ലോകകപ്പിൽ അർജന്റീനയുടെ വിജയമാണ് ഈ പുരസ്കാരം ഇവരിലേക്ക് എത്താനുള്ള കാരണമാകുന്നത്. ഖത്തറിൽ ഫൈനലിൽ ഫ്രാൻസിനെ പരാജയപ്പെടുത്തി കൊണ്ട് അർജന്റീന കിരീടം ഉയർത്തിയിരുന്നു. ടൂർണമെന്റിലുടനീളം തന്റെ മികച്ച പ്രകടനത്തിന് ഗോൾഡൻ ഗ്ലോവ് നേടാൻ എമി മാർട്ടിനെസിനായിരുന്നു. ലോക കപ്പിലെ ഏറ്റവും മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ മെസ്സിയും നേടി.
ഫിഫ ബെസ്റ്റ് അവാർഡുകൾ ഫുട്ബോളിലെ ഏറ്റവും ഉയർന്ന ബഹുമതികളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. ഇനി ഈ പ്രഖ്യാപനങ്ങൾ ഔദ്യോഗികമായി വരാനായാകും അർജന്റീന ആരാധകർ കാത്തിരിക്കുന്നത്.