36 മത് റവറന്റ് ഫാദർ ജോർജ് വട്ടുകുളം ഫുട്ബോൾ ടൂർണെമെന്റിൽ കരുത്തരായ ജനത കരിയാത്തും പാറയെ എതിരില്ലാത്ത 2 ഗോളുകൾക്ക് പരാജയപ്പെടുത്തി ഫൈനലിലേക്ക് പ്രവേശിച്ചു. കരിയാത്തുംപാറ ഇടവക വികാരി ഫാ തോമസ് വട്ടോട്ടു തറപ്പേൽ കളിക്കാരെ പരിചയപ്പെട്ടു. കളിയുടെ ആദ്യ പകുതിയിൽ ഇരു ടീമുകളും മികച്ച മുന്നേറ്റം നടത്തി. പോസ്റ്റിനു മുന്നിൽ മികച്ച സേവുകളുമായി ജനത കരിയാത്തുംപാറയുടെ ഗോളി നിന്നതോടെ ആദ്യ പകുതി ഗോൾ രഹിതമായി.
രണ്ടാം പകുതിയുടെ 10 ആം മിനിറ്റിൽ SBI യുടെ താരമായ സീസൺ ആണ് FC ഷൂട്ടേഴ്സിന് വേണ്ടി ആദ്യ ഗോൾ സ്ക്കോർ ചെയ്തത്. ആദ്യ ഗോൾ വീണ തളർച്ച മാറും മുൻപ് തന്നെ 5 മിനിറ്റിനുള്ളിൽ അടുത്ത ഗോളും ജനത കരിയാത്തുംപാറയുടെ പോസ്റ്റിൽ അടുത്ത ഗേളും വീണു. ജനത കരിയാത്തും പാറയുടെ പ്ലയർ ബോക്സിനുളളിൽ ബോൾ കൈ കൊണ്ട് തട്ടിയതിന് കിട്ടിയ പെനാൾട്ടി ഗോളാക്കി മാറ്റി FC ഷൂട്ടേഴ്സ് വിജയം ഉറപ്പിച്ചു. FC ഷൂട്ടേഴ്സിനു വേണ്ടി പെനാൾട്ടി കിക്ക് എടുക്കാൻ വന്നത് ഏജീസ് താരമായ അസറു ആയിരുന്നു. അസറു നിഷ്പ്രായസം കിക്ക് ഗോളാക്കി മാറ്റി.
പിന്നെ കണ്ടത് FC ഷൂട്ടേഴ്സിന്റെ തുടരെ തുടരെയുള്ള ആക്രമണങ്ങൾ ആയിരുന്നു. പല വട്ടം ഗോളെന്നുറപ്പിച്ച ഷോട്ടുകൾ വന്നെങ്കിലും നിർഭാഗ്യം കൊണ്ട് ഗോൾ അകന്ന് നിന്നു. FC ഷൂട്ടേഴ്സിന്റെ പ്രതിരോധം തകർക്കാൻ ഒരു ഘട്ടത്തിലും ജനത കരിയാത്തുംപാറയുടെ പ്ലെയേഴ്സിന് ആയില്ല. ജനത കരിയാത്തുംപാറയക്ക് വേണ്ടി ബൂട്ടണിഞ്ഞത് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെയും ഫാറൂഖ് കോളേജിന്റെയും താരങ്ങൾ ആയിരുന്നു. FC ഷൂട്ടേഴ്സിന്റെ പ്രതിരോധനിര താരം നൗഷാദ് ബാപ്പുവിനെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു.
നാളെ നടക്കുന്ന ആവേശകരമായ ഫൈനലിൽ ശക്തരായ ഹോക്കർ UAE – കൂരാച്ചുണ്ട് ആണ് FC ഷൂട്ടേഴ്സിന്റെ എതിരാളി. കോഴിക്കോട് ജില്ലയുടെ കിഴക്കൻ മലയോര ഗ്രാമമായ കൂരാച്ചുണ്ടിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള 2 ടീമുകൾ നേർക്കുനേർ വരുന്നെന്ന പ്രത്യേകതയും ഉണ്ട്. കൂരാച്ചുണ്ടുകാരുടെ എൽ ക്ലാസിക്കോ എന്നാണ് ഫുട്ബോൾ ആരാധകർ നാളത്തെ ഫൈനലിനെ വിശേഷിപ്പിച്ചിരിക്കുന്നത്. മുൻപ് 2013 ൽ ചാമ്പ്യൻമാരായിരുന്നു FC ഷൂട്ടേഴ്സ് കൂരാച്ചുണ്ട്. 2017ൽ റണ്ണേഴ്സ് അപ്പ് ആയ ചരിത്രം കൂടിയുണ്ട് FCS ന്. കഴിഞ്ഞ വർഷത്തെ റണ്ണേഴ്സ് അപ്പാണ് HOKR UAE കൂരാച്ചുണ്ട്. കഴിഞ്ഞ വർഷം ജോസ്ക്കോ കാലിക്കെറ്റിനോട് അടിയറവ് പറഞ്ഞ് നഷ്ടപ്പെടുത്തിയ കപ്പ് തിരിച്ച് പിടിക്കാൻ വേണ്ടി തന്നെയാണ് ഹോക്കറിന്റെ വരവ്. എന്തിരുന്നാലും 2 കപ്പും ഒരുമിച്ച് ആഘോഷമായി കൂരാച്ചുണ്ടിലേക്ക് കൊണ്ടുവരാൻ സാധിക്കുമെന്ന സന്തോഷത്തിലാണ് കൂരാച്ചുണ്ടിലെ ഫുട്ബോൾ ആരാധകർ. കളിക്കളത്തിലും പുറത്തും ഉറ്റ ചങ്ങായിമാരായ FC ഷൂട്ടേഴ്സും ഹോക്കർ UAE യും പക്ഷേ നാളെ ഗ്രൗണ്ടിൽ തീപാറും പോരാട്ടമാണ് കാഴ്ച്ചവെക്കുക എന്നതിൽ ഒട്ടും സംശയമില്ല. നാളത്തെ ഫൈനലിനുവേണ്ടി കാത്തിരിക്കുകയാണ് മലയോര കുടിയേറ്റ മണ്ണിലെ ഫുട്ബോൾ ആസ്വാദകർ.