മാനേജർ ചുമതലകളിലേക്ക് തിരിച്ചെത്താൻ ഇതിഹാസ താരം ഫാബിയോ കന്നവാരോ. സീരി ബി ടീമായ ബെനെവെന്റോ ആണ് അദ്ദേഹത്തെ ടീമിലേക്കെതിക്കാൻ ശ്രമിക്കുന്നത്. ചൈനീസ് ടീമായ ഗ്വാങ്ചോ എവർഗ്രാന്റെയുടെ ചുമലത കഴിഞ്ഞ വർഷം ഒഴിഞ്ഞ ശേഷം കന്നവാരോ മറ്റ് ടീമുകളുടെ പരിശീലന ചുമതല ഏറ്റെടുത്തിട്ടില്ലായിരുന്നു. മിഡിൽ ഈസ്റ്റ്, ചൈന തുടങ്ങിയവിടങ്ങളിൽ വിവിധ ക്ലബ്ബുകളുടെ ചുമതല വഹിച്ചിട്ടുള്ള മുൻ പ്രതിരോധ താരത്തിന്റെ കോച്ചിങ് കരിയറിലെ സുപ്രധാന ചുവട് വെപ്പാവും ഇറ്റലിയിലേക്കുള്ള വരവ്. ബെനെവെന്റോയുമായുള്ള കന്നവാരോയുടെ ചർച്ചകൾ പുരാഗമിച്ചു കൊണ്ടിരിക്കുകയാണ്. ഉടനെ തന്നെ അദ്ദേഹം തന്റെ ഭാവി വ്യക്തമാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
2013ൽ തന്റെ അവസാന ക്ലബ്ബായിരുന്ന അൽ-അഹ്ലിൽ അസിസ്റ്റന്റ് കോച്ചായാണ് കന്നവാരോ പരിശീലക കരിയറിന് തുടക്കം കുറിച്ചത്. തുടർന്ന് ഗ്വാങ്ചോ, ചൈനീസ് ദേശിയ ടീം, അൽ-നാസ്ർ എന്നിവരെയും പരിശീലിപ്പിച്ചു. കഴിഞ്ഞ വർഷം സെപ്റ്റംബറോടെയാണ് ഗ്വാങ്ചോയുടെ ചുമതലകളിൽ നിന്നും പടിയിറങ്ങുന്നത്. ശേഷം വീണ്ടും കോച്ചിങ്ങിലേക്ക് മടങ്ങി വരാനുള്ള അവസരമാണ് മുൻ താരത്തിന് കൈവന്നിരിക്കുന്നത്. അത് ഇറ്റലിയിൽ തന്നെ ആവുമ്പോൾ കൂടുതൽ പ്രത്യേകതകൾ ഉണ്ട്.