അരങ്ങേറ്റത്തിൽ ഗോളടിച്ച് വാൻ ഡയ്ക്ക്, ലിവർപൂളിന് ജയം

അരങ്ങേറ്റത്തിൽ തന്നെ ക്ലബ്ബിനായി വിജയ ഗോൾ നേടി വിർജിൽ വാൻ ഡയ്ക്ക് താരമായ മത്സരത്തിൽ ലിവർപൂൾ എവർട്ടനെ എഫ് എ കപ്പ് മൂന്നാം റൗണ്ടിൽ 2-1 ന് മറികടന്നു. തോൽവിയോടെ എവർട്ടൻ കപ്പിൽ നിന്ന് പുറത്തായി.

റെക്കോർഡ് സൈനിങ് വാൻ ഡേയ്കിന് ലിവർപൂൾ ഷർട്ടിൽ ആദ്യ അവസരം നൽകിയ ക്ളോപ്പ് സലാഹ്, ഫിർമിനോ എന്നിവർക്ക് വിശ്രമം നൽകി. എവർട്ടൻ നിരയിൽ യാനിക് ബൊളാസി ഇടം നേടി. ആദ്യ പകുതിയിൽ ലിവർപൂൾ ആധിപത്യം പുലർത്തിയെങ്കിലും  എവർട്ടൻ പ്രതിരോധത്തിൽ മാത്രം നിൽക്കാതെ മികച്ച അവസരങ്ങളും സൃഷ്ടിച്ചതോടെ കളി ആവേഷകരമായി.  35 ആം മിനുട്ടിൽ ലല്ലാനയെ ഹോൾഗേറ്റ് ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ഗോളാക്കി ജെയിംസ് മിൽനർ ലിവർപൂളിനെ മുന്നിലെത്തിച്ചു.

രണ്ടാം പകുതിയിൽ റൂണിയെ പിൻവലിച്ച സാം ലുക്മാനെ കളത്തിലിറക്കി. 67 ആം മിനുട്ടിൽ മികച്ചൊരു കൗണ്ടർ അറ്റാക്കിലൂടെ എവർട്ടൻ സമനില ഗോൾ കണ്ടെത്തി.  ഗിൽഫി സിഗേഴ്സനാണ് ഗോൾ നേടിയത്. പക്ഷെ 84 ആം മിനുട്ടിൽ ലിവർപൂൾ ആരാധകർ കാത്തിരുന്ന ആ വിജയ ഗോൾ പിറന്നു. ഏതാനും ദിവസം മുൻപ് ലിവർപൂളിൽ എത്തിയ വാൻ ഡയ്ക്ക് ചേംബർലിന്റെ കോർണറിൽ നിന്ന് ഹെഡറിലൂടെ ലിവർപൂളിനെ മുന്നിലെത്തിച്ചു. അരങ്ങേറ്റത്തിൽ തന്നെ ഗോൾ നേടി താരം ആൻഫീല്ഡിനെ ഇളക്കി മറിച്ചു. ജയത്തോടെ നാലാം റൌണ്ട് ഉറപ്പിച്ച ലിവർപൂളിന്റെ എതിരാളികളെ ഇന്നും നാളേയുമായി നടക്കുന്ന മത്സരങ്ങൾക്ക് ശേഷം അറിയാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleറോസ് ബാർക്ലി ചെൽസിയിൽ
Next articleഎഫ് എ കപ്പ് : യുണൈറ്റഡിന് ജയം