ഇന്ന് എഫ് എ കപ്പിലെ രണ്ടാം സെമി ഫൈനലാണ്. നേർക്കുനേർ വരുന്നത് ചെൽസിയും മാഞ്ചസ്റ്റർ യുണൈറ്റഡും. വെംബ്ലി മൈതാനത്തിൽ വെച്ച് ഒലെയും ലമ്പാർഡും നേർക്കുനേർ ഏറ്റുമുട്ടുന്നു. ഈ വർഷം ഇത് നാലാം തവണയാകും മാഞ്ചസ്റ്റർ യുണൈറ്റഡും ചെൽസിയും നേർക്കുനേർ വരുന്നത്. ഇതിനു മുമ്പ് മൂന്ന് തവണ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോഴും വിജയം സോൾഷ്യാറിന്റെ ടീമിനായിരുന്നു.
അതുകൊണ്ട് തന്നെ യുണൈറ്റഡിനോട് കണക്കു തീർക്കുകയാകും ലമ്പാർഡിന്റെ ടീമിന്റെ ഇന്നത്തെ ലക്ഷ്യം. യുണൈറ്റഡിന് മുന്നിൽ എത്തിയപ്പോൾ പതറിയിട്ടുണ്ട് എങ്കിലും സീസൺ മുഴുവൻ നോക്കിയാൽ ഭേദപ്പെട്ട പ്രകടനങ്ങൾ കാണാൻ കഴിഞ്ഞത് ചെൽസിയിൽ നിന്നായിരുന്നു. പക്ഷെ അടുത്തിടെ ആയി അവരുടെ ഡിഫൻസ് അവരുടെ തലവേദന ആയി തന്നെ മാറിയിരിക്കുകയാണ്. എങ്കിലും മികച്ച ഫോമിലുള്ള പുസിചിന്റെയും വില്യന്റെയും ഒക്കെ മികവിൽ വിജയം സ്വന്തമാക്കാം എന്ന് ലമ്പാർഡ് കരുതുന്നു.
മറുവശത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് ഗംഭീര ഫോമിലാണ് ഉള്ളത്. ബ്രൂണൊ ഫെർണാണ്ടസിന്റെ വരവോടെ തീർത്ത വേറെ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് ആയി ക്ലബ് മാറി. മുന്നേറ്റ താരങ്ങളായ റാഷ്ഫോർഡും മാർഷ്യലും മികച്ച ഫോമിൽ ഉള്ളതും യുണൈറ്റഡിന് കരുത്താണ്. നോർവിച് സിറ്റിയെ തോൽപ്പിച്ച് ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സെമിയിലേക്ക് എത്തിയത്. ലെസ്റ്റർ സിറ്റിയെ തോൽപ്പിച്ച് ആയിരുന്നു ചെൽസിയുടെ സെമി പ്രവേശനം. ഇന്ന് രാത്രി 10.30നാണ് മത്സരം നടക്കുക. കളി സോണി നെറ്റ്വർക്കിൽ തത്സമയം കാണാം.