അഞ്ചടിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീക്വാർട്ടറിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് യുറോപ്പ ലീഗിന്റെ പ്രീക്വാർട്ടറിലേക്ക് മുന്നേറി. ഇന്ന് നടന്ന റൗണ്ട് ഓഫ് 32വിലെ രണ്ടാം പാദത്തിൽ ബെൽജിയൻ ക്ലബായ ബ്രൂഷെയെ പരാജയപ്പെടുത്തിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീക്വാർട്ടറിലേക്ക് മുന്നേറിയത്. ഇന്ന് എതിരില്ലാത്ത അഞ്ചു ഗോളുകളുടെ എളുപ്പ വിജയം തന്നെ യുണൈറ്റഡിന് നേടാൻ ആയി. ആദ്യ പാദത്തിൽ ഇരു ക്ലബുകളും 1-1 സമനിലയിൽ പിരിഞ്ഞിരുന്നു. ഇന്നത്തെ ജയത്തോടെ 6-1ന്റെ അഗ്രിഗേറ്റ് വിജയം യുണൈറ്റഡ് സ്വന്തമാക്കി.

മധ്യനിര താരം ഫ്രെഡും, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ജനുവരി സൈനിംഗുകളാണ് ഇന്ന് ചെമ്പടയ്ക്ക് വേണ്ടി തിളങ്ങിയത്. മത്സരത്തിന്റെ 23ആം മിനുട്ടിൽ ലഭിച്ച പെനാൾട്ടിയിലൂടെയാണ് യുണൈറ്റഡ് മുന്നിൽ എത്തിയത്. സിമൊൺ ഡെലിയുടെ ഹാൻഡ് ബോളിനായിരുന്നു പെനാൾട്ടി ലഭിച്ചത്. സിമൊൺ ഡെലിക്ക് ഈ ഫൗളിന് ചുവപ്പ് കാർഡും ലഭിച്ചു. പെനാൾട്ടി എടുത്ത് ബ്രൂണോ ഫെർണാണ്ടസ് എളുപ്പത്തിൽ ലക്ഷ്യം കണ്ടു. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ബ്രൂണോ ഗോൾ നേടുന്നത്

ബ്രൂണോയുടെ ഗോളിന് പിന്നാലെ ഇഗാലൊയിലൂടെ യുണൈറ്റഡ് ലീഡ് ഇരട്ടിയാക്കി. ഇഗാലൊയുടെ യുണൈറ്റഡ് കരിയറിലെ ആദ്യ ഗോളായിരുന്നു ഇത്. 41ആം മിനുട്ടിൽ മക്ടോമിനെയിലൂടെ യുണൈറ്റഡ് മൂന്നാം ഗോളും നേടി. ഫ്രെഡിന്റെ പാസിൽ നിന്നായിരുന്നു മക്ടോനിനെയുടെ സ്ട്രൈക്ക്. രണ്ടാം പകുതിയിൽ 82ആം മിനുട്ടിലും 92മിനുട്ടിലും ഗോൾ നേടി ഫ്രെഡ് യുണൈറ്റഡിന്റെ ഗോൾ പട്ടിക പൂർത്തിയാക്കി.