എഫ്.എ കപ്പിൽ ആദ്യം ഞെട്ടിയെങ്കിലും തിരിച്ചു വന്നു ജയം കണ്ടു ചെൽസി ക്വാർട്ടറിൽ

എഫ്.എ കപ്പിൽ പ്രീ ക്വാർട്ടറിൽ ചെൽസിയെ വിറപ്പിച്ചു ലൂറ്റൻ ടൌൺ. മത്സരത്തിൽ രണ്ടു പ്രാവശ്യം പിറകിൽ പോയ ചെൽസി തിരിച്ചു വന്നു 3-2 നു ആണ് മത്സരത്തിൽ ജയം കണ്ടത്. ലീഗ് കപ്പ് ഫൈനലിലെ പരാജയവും ആയി ആണ് ചെൽസി മത്സരത്തിന് എത്തിയത്. മത്സരം തുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ ചെൽസി ഞെട്ടി. ലൂക് ബെറിയുടെ കോർണറിൽ നിന്നു ഹെഡറിലൂടെ റീസ് ബർക് ലൂറ്റനു മത്സരത്തിൽ മുൻതൂക്കം സമ്മാനിച്ചു. വലിയ ചെൽസി ആധിപത്യം കണ്ട മത്സരത്തിൽ 27 മത്തെ മിനിറ്റിൽ തിമോ വെർണറിന്റെ പാസിൽ ലക്ഷ്യം കണ്ട സോൾ നിഗ്വസ് ചെൽസിയെ മത്സരത്തിൽ ഒപ്പമെത്തിച്ചു. എന്നാൽ ആദ്യ പകുതിക്ക് മുമ്പ് ചെൽസി ഒരിക്കൽ കൂടി പിറകിൽ പോയി. ഇത്തവണ കാർലോസ് മെന്റസിന്റെ ത്രൂ ബോളിൽ നിന്നു ഹാരി കോർണിക് എതിരാളികൾക്ക് ആയി ഗോൾ നേടി.

20220303 060253

രണ്ടാം പകുതിയിൽ എങ്ങനെയും തിരിച്ചു ഗോൾ നേടുക എന്ന ലക്ഷ്യവും ആയി എത്തിയ ചെൽസിയെ ആണ് കാണാൻ ആയത്. 68 മത്തെ മിനിറ്റിൽ ചെൽസിക്ക് ആശ്വാസം ആയി സമനില ഗോൾ പിറന്നു. ലോഫ്റ്റസ് ചീക്കിന്റെ ത്രൂ ബോളിൽ നിന്നു തന്റെ ഗോൾ വരൾച്ചക്ക് തിമോ വെർണർ അന്ത്യം കുറിച്ചപ്പോൾ മത്സരത്തിൽ ചെൽസി ഒപ്പമെത്തി. നാലു മിനിറ്റുകൾക്കു അകം ചെൽസി വിജയ ഗോളും കണ്ടത്തി. ഇത്തവണ വെർണർ ഗോൾ ഒരുക്കിയപ്പോൾ ചെൽസിയിൽ വലിയ വിമർശനം കേൾക്കുന്ന റോമലു ലുകാക്കു അവർക്ക് വിജയ ഗോൾ സമ്മാനിച്ചു. രണ്ടു ഗോളുകൾ അടിപ്പിക്കുകയും ഒരു ഗോൾ അടിക്കുകയും ചെയ്ത വെർണർ ആണ് ചെൽസിയെ എഫ്.എ കപ്പിൽ അവസാന എട്ടിൽ എത്തിച്ചത്.