ട്രബിൾ സ്വപ്‍ങ്ങൾ കണ്ട് ഇറങ്ങിയ ലിവർപൂളിന് കനത്ത തിരിച്ചടി നൽകി ലംപാർഡിന്റെ ചെൽസി. സ്വന്തം മൈതാനത്ത് എതിരില്ലാത്ത 2 ഗോളുകൾക്കാണ് അവർ ക്ളോപ്പിന്റെ ടീമിനെ തോൽപ്പിച്ചത്. വില്ലിയൻ, ബാർക്ലി എന്നിവരാണ് ചെൽസിയുടെ ഗോളുകൾ നേടിയത്.
കഴിഞ്ഞ ഏതാനും കളികൾ പുറത്ത് ഇരുന്ന കെപ്പ ചെൽസി ആദ്യ ഇലവനിലേക്ക് മടങ്ങി എത്തിയപ്പോൾ ലിവർപൂൾ യുവ താരം വില്യംസും ഇടം നേടി. കളിയിൽ ആദ്യ പകുതിയിൽ ചെൽസി വ്യക്തമായ ആധിപത്യമാണ് പുലർത്തിയത്. 13 ആം മിനുട്ടിൽ തന്നെ മുന്നിൽ എത്താൻ അവർക്കായി. മധ്യനിരയിൽ ഫാബിഞ്ഞോ വരുത്തിയ പിഴവ് മുതലാക്കി വില്ലിയൻ തൊടുത്ത ഷോട്ട് ലിവർപൂൾ ഗോളി അഡ്രിയന്റെ കയ്യിൽ തട്ടി വലയിൽ പതിച്ചു. പിന്നീട് ലിവർപൂളിന് മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും കെപയുടെ മികച്ച സേവുകൾ അവരുടെ രക്ഷക്ക് എത്തി. എങ്കിലും 42 ആം മിനുട്ടിൽ കോവചിച് പരിക്ക് പറ്റി പുറത്തായത് അവർക്ക് തിരിച്ചടിയായി.
രണ്ടാം പകുതിയിൽ പരിക്ക് കാരണം വില്ലിയനെ നഷ്ടപെട്ടെങ്കിലും ചെൽസിയുടെ ആക്രമണത്തിന് കുറവ് വന്നില്ല. 64 ആം മിനുട്ടിൽ സ്വന്തം പകുതിയിൽ നിന്ന് പന്ത് സ്വീകരിച്ച ബാർക്ലി മികച്ച റണ്ണിനും ഫിനിഷിനും ഒടുവിൽ സ്കോർ 2-0 ആയി ഉയർത്തി. പിന്നീട് പെഡ്രോ, ജിറൂദ് എന്നിവർക്ക് മികച്ച അവസരം ലഭിച്ചു എങ്കിലും ഗോൾ മാത്രം നേടാനായില്ല. ക്ളോപ്പ് സലാ, ഫിർമിനോ അടക്കമുള്ളവരെ പകരക്കാരായി ഇറകിയെങ്കിലും ചെൽസി പ്രതിരോധം ഭേദിക്കാൻ സാധിക്കിജില്ല.