യൂറോപ്പ ലീഗിൽ ഗ്രൂപ്പ് സിയിൽ കാര്യങ്ങൾ വീണ്ടും കുഴഞ്ഞു മറിയുന്നു. ഗ്രൂപ്പിൽ ഒന്നാമതുള്ള നാപ്പോളിയെ 2-1 നു വീഴ്ത്തിയ സ്പാർടക് മോസ്‌കോ നിലവിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. മോസ്‌കോ പരിശീലകനോട് കൈ കൊടുക്കാൻ വിസമ്മതിക്കുന്ന നാപ്പോളി പരിശീലകനെ അവസാനം കണ്ട മത്സരത്തിൽ മത്സരത്തിൽ വലിയ ആധിപത്യം പുലർത്തിയിട്ടും പരാജയം ഏറ്റുവാങ്ങാൻ ആയിരുന്നു നാപ്പോളിയുടെ വിധി. ക്വിൻസി പ്രോമ്സ് നേടിയ പെനാൽട്ടി മൂന്നാം മിനിറ്റിൽ തന്നെ ലക്ഷ്യം കണ്ട അലക്‌സാണ്ടർ സൊബോലെവ് ആണ് മോസ്‌കോക്ക് മത്സരത്തിൽ തുടക്കത്തിൽ തന്നെ മുൻതൂക്കം നൽകിയത്.
തുടർന്ന് 28 മത്തെ മിനിറ്റിൽ വിക്ടർ മോസസിന്റെ ക്രോസിൽ നിന്നു ഹെഡറിലൂടെ തന്റെ രണ്ടാം ഗോൾ നേടിയ സൊബോലെവ് റഷ്യൻ ടീമിന്റെ മുൻതൂക്കം ഇരട്ടിയാക്കി. രണ്ടാം പകുതിയിൽ 64 മത്തെ മിനിറ്റിൽ എൽമാസിലൂടെ ഒരു ഗോൾ തിരിച്ചടിക്കാൻ നാപ്പോളിക്ക് ആയെങ്കിലും അനിവാര്യമായ പരാജയം ഒഴിവാക്കാൻ ആയില്ല. നിലവിൽ ഗ്രൂപ്പിലെ മറ്റു ടീമുകൾ ആയ ലെസ്റ്റർ സിറ്റി, വാർസോ ടീമുകൾ തമ്മിലുള്ള മത്സരത്തിൽ ജയിക്കുന്ന ടീമിന് ഗ്രൂപ്പിലെ ഒന്നാം സ്ഥാനം കരസ്ഥമാക്കാൻ ആവും. നാലു ടീമുകളിൽ ആർക്കും മുന്നേറാൻ ആവുന്ന വിധം ആണ് നിലവിൽ ഗ്രൂപ്പ് സിയിലെ അവസ്ഥ.