യൂറോപ്പ ലീഗ് ഫൈനൽ പോരാട്ടത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ചെൽസിക്ക് കനത്ത തിരിച്ചടി. നേരത്തെ പരിക്ക് മാറി പരിശീലനം ആരംഭിച്ച സൂപ്പർ താരം എൻഗോളോ കാന്റെ വീണ്ടും പരിക്ക്. വാട്ഫോർഡിനെതിരെയുള്ള മത്സരത്തിൽ പരിക്കേറ്റ കാന്റെ കഴിഞ്ഞ ദിവസം പരിശീലനം പുനരാരംഭിച്ചിരുന്നു. തുടർന്നാണ് പരിശീലനത്തിനിടെ കാന്റെക്ക് വീണ്ടും പരിക്കേറ്റത്. ഈ വരുന്ന ബുധനാഴ്ചയാണ് ആഴ്‌സണലുമായുള്ള ചെൽസിയുടെ യൂറോപ്പ ലീഗ് ഫൈനൽ.
നേരത്തെ തന്നെ പരിക്ക് മൂലം റുഡിഗാറിനെയും ലോഫ്റ്റസ് ചീക്കിനെയും ഹഡ്സൺ ഒഡോയിയെയും നഷ്ട്ടപെട്ട ചെൽസിക്ക് കാന്റയുടെ പരിക്ക് കനത്ത തിരിച്ചടിയാണ്. കഴിഞ്ഞ ദിവസം പരിശീലകൻ മൗറിസിയോ സരി നടത്തിയ പത്ര സമ്മേളനത്തിൽ കാന്റെ പരിക്ക് മാറി പരിശീലനം ആരംഭിച്ചെന്നും യൂറോപ്പ ലീഗ് ഫൈനലിൽ കളിച്ചേക്കുമെന്നും പറഞ്ഞിരുന്നു. താരത്തിന് വീണ്ടും പരിക്കേറ്റതോടെ യൂറോപ്പ ലീഗ് ഫൈനലിൽ കാന്റെ കളിക്കുന്ന കാര്യം സംശയത്തിലായി. നേരത്തെ ചാമ്പ്യൻസ് ലീഗ് യോഗ്യത ചെൽസി ഉറപ്പിച്ചെങ്കിലും ഫൈനലിൽ മറ്റൊരു പ്രീമിയർ ലീഗ് ടീമായ ആഴ്‌സണലിന് യൂറോപ്പ ലീഗ് കിരീടം നേടിയാൽ മാത്രമേ അടുത്ത വർഷത്തെ ചാമ്പ്യൻസ് ലീഗിനുള്ള യോഗ്യത ലഭിക്കു.