ഇന്നലെ യൂറോപ്പ ലീഗിൽ കണ്ടത് ഒരു ഭാവി സൂപ്പർ താരത്തിന്റെ ഉദയമായിരുന്നു. 19കാരനായ ജോ ഫെലിക്സ് എന്ന പോർച്ചുഗീസ് താരത്തിന്റെ ഉദയം. ഇന്നലെ ബെൻഫികയ്ക്ക് വേണ്ടി ഇറങ്ങിയ ഫെലിക്സ് ഫ്രാങ്ക്ഫർടിനെതിരെ നേടിയത് എണ്ണം പറഞ്ഞ ഒരു ഹാട്രിക്കാണ്. യൂറോപ്പാ ലീഗിൽ ഹാട്രിക്ക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഈ ഹാട്രിക്ക് ഫെലിക്സിനെ മാറ്റി.
കളിയിൽ ആദ്യ ഒരു പെനാൾട്ടിയിലൂടെ ആയിരുന്നു ഫെലിക്സ് ഗോൾ നേടുന്നത്. ആ ഗോൾ ഫെലിക്സിന്റെ കരിയറിലെ ആദ്യ യൂറോപ്യൻ ഗോൾ ആയിരുന്നു. ആദ്യ യൂറോപ്പ ഗോൾ ആദ്യ കരിയർ ഹാട്രിക്കിലേക്ക് മാറ്റാൻ ഫെലിക്സിന് അധിക സമയം വേണ്ടി വന്നില്ല. ഫെലിക്സിന്റെ ആദ്യ ഗോൾ പെനാൾട്ടിയും മൂന്നാം ഗോൾ ബോക്സിനകത്തുന്നു നിന്നുള്ള ക്ലിനിക്കൽ ഫിനിഷും ആയിരുന്നു. എന്നാൽ ഇതിന് ഇടയിൽ പിറന്ന രണ്ടാമത്തെ ഗോൾ ലോകോത്തര സ്ട്രൈക്കിൽ ഒന്നായിരുന്നു. ഗ്രൗണ്ടർ അല്ലാതെ പന്ത് എയറിൽ ലോ ആയി സഞ്ചരിക്കുന്ന വിധത്തിൽ ആയിരുന്നു 25 വാരെ അകലെ നിന്ന് ഫെലിക്സ് തൊടുത്ത ഷോട്ട് സഞ്ചരിച്ചത്. ഗോൾകീപ്പർ ഒരു സാധ്യതയും നൽകാതെ പന്ത് വലയിൽ എത്തി.
ഹാട്രിക്ക് തികച്ചത് കണ്ണീരോടെ ആണ് ഫെലിക്സ് ഇന്നലെ ആഘോഷിച്ചത്. ഹാട്രിക്കിന് പുറമെ ഒരു അസിസ്റ്റും ഇന്നലെ ഫെലിക്സ് നൽകി. മത്സരം 4-2നാണ് ബെൻഫിക വിജയിച്ചത്. ഈ സീസണിൽ ഇതുവരെ 36 കളികളിൽ നിന്ന് 15 ഗോളുകളും ആറ് അസിസ്റ്റുm സ്വന്തം പേരിൽ കുറിക്കാൻ ഫെലിക്സിനായിട്ടുണ്ട്. പോർച്ചുഗൽ ഫുട്ബോളിലെ അടുത്ത അത്ഭുതമായാണ് ഫെലിക്സിനെ ഇപ്പോൾ ഫുട്ബോൾ നിരീക്ഷകർ വിലയിരുത്തുന്നത്.