യൂറോപ്പ ലീഗിലെ ഗംഭീര ഫോം തുടർന്ന് ആഴ്സണൽ. ഇന്ന് യൂറോപ്പ ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിലും ആഴ്സണൽ വിജയിച്ചു. യുവതാരങ്ങളെ ഇറക്കി കളിച്ച ആഴ്സണൽ അയർലണ്ട് ക്ലബായ ഡുണ്ടൽകിനെയാണ് തോൽപ്പിച്ചത്. രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു ആഴ്സണൽ വിജയം. മൂന്ന് ഇംഗ്ലീഷ് അണ്ടർ 21 താരങ്ങൾ ഇന്ന് ആഴ്സണലിനായി ലക്ഷ്യം കണ്ടു.
എങ്കെറ്റിയയും വില്ലോക്കും ബലോഗണും ആണ് ആഴ്സണലിനു വേണ്ടി ഗോളുകൾ നേടിയ യുവതാരങ്ങൾ. മത്സരത്തിലെ ഏറ്റവും മികച്ച ഗോൾ നേടിയത് ആഴ്സണൽ മധ്യനിര താരമായിരുന്ന എൽ നേനി ആണ്. എൽ നേനിയുടെ ലോങ് റേഞ്ചർ കണ്ണിന് കുളിർമ്മ നൽകുന്ന ഒരു ഷോട്ടായിരുന്നു. ഡുണ്ടൽകിന് വേണ്ടി ഫ്ലോറസും ഹോറെയുമാണ് ഗോളുകൾ നേടിയത്. ഈ വിജയത്തോടെ 6 മത്സരങ്ങളിൽ 18 പോയിന്റുമായാണ് ആഴ്സണൽ ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ചത്