യൂറോപ്പ ലീഗിൽ സീസണിൽ മികച്ച ഫോമിലുള്ള ഇറ്റാലിയൻ ടീം എ. സി മിലാനു വമ്പൻ തോൽവി. ഗ്രൂപ്പ് എച്ചിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ആണ് ഫ്രഞ്ച് ടീമായ ലില്ലി മിലാനെ അട്ടിമറിച്ചത്. യൂസഫ് യസിച്ചി നേടിയ ഹാട്രിക്ക് ആണ് ഫ്രഞ്ച് ടീമിന് വലിയ ജയം സമ്മാനിച്ചത്. ആദ്യ പകുതിയിൽ 21 മത്തെ മിനിറ്റിൽ പെനാൽട്ടിയിലൂടെ ആണ് യൂസഫ് തന്റെ ആദ്യ ഗോൾ നേടിയത്. തുടർന്ന് രണ്ടാം പകുതിയിൽ 55, 58 മിനിറ്റുകളിൽ തന്റെ രണ്ടും മൂന്നും ഗോളുകൾ കണ്ടത്തിയ യൂസഫ് ലില്ലിയുടെ ജയം ഉറപ്പിച്ചു.
മത്സരത്തിൽ അധിക സമയം പന്ത് കൈവശം വച്ചു എങ്കിലും കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാൻ മിലാനു ആയില്ല. അതേസമയം ഗഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ സ്‌കോട്ടിഷ് ജേതാക്കൾ ആയ സെൽറ്റിക് ചെക് റിപ്പബ്ലിക് ടീമായ സ്പാർട്ട പ്രാഗിനോട് 4-1 ന്റെ കനത്ത പരാജയം ഏറ്റുവാങ്ങി. ലൂക്കാസ് ജൂലിസിന്റെ ഹാട്രിക്ക് ആണ് ചെക് ടീമിന് സ്‌കോട്ടിഷ് മണ്ണിൽ വലിയ ജയം സമ്മാനിച്ചത്. ഇതോടെ ഗ്രൂപ്പിൽ ലില്ലി ഒന്നാമത് എത്തിയപ്പോൾ മിലാൻ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.