യൂറോപ്പ ലീഗ് സെമി ഫൈനൽ മത്സരങ്ങൾക്ക് ആരംഭമാവുമ്പോൾ അരങ്ങൊരുങ്ങുന്നത് വമ്പൻ പോരാട്ടങ്ങൾക്ക്. വെള്ളിയാഴ്ച്ച പുലർച്ചെ നടക്കുന്ന മത്സരങ്ങളിൽ എഎസ് റോമ സ്വന്തം തട്ടകത്തിൽ ബയേർ ലവർകൂസനെ നേരിടുമ്പോൾ യുവന്റസ് അല്ലിയൻ സ്റ്റേഡിയത്തിൽ സേവിയ്യയെ വരവേൽക്കും നേരിടാൻ ഉള്ളത്. വമ്പൻ ടീമുകൾ നേർക്കുനേർ വരുമ്പോൾ ആവേശകരമായ മത്സരങ്ങൾക്കാണ് ആരാധകരും കാത്തിരിക്കുന്നത്.

ഇടർച്ചയോടെ തുടങ്ങിയ ശേഷം സീസണിൽ അതിശക്തമായ തിരിച്ചു വരവിന്റെ പാതയിൽ ആണ് സെവിയ്യ. ഒടുവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെയും ആവേശകരമായ മത്സരത്തിൽ കീഴടക്കി പതിവ് പോലെ യൂറോപ്പ കിരീടത്തിന് വേണ്ടിയുള്ള താരങ്ങളുടെ മോഹങ്ങൾ തിരിച്ചു പിടിച്ചിട്ടുണ്ട് അവർ. എങ്കിലും ലീഗിൽ പതിനൊന്നാം സ്ഥാനത്ത് നിൽക്കുന്ന ടീമിന് അടുത്ത സീസണിൽ യുറോപ്യൻ പോരാട്ടങ്ങൾക്ക് പേര് ചേർക്കാൻ ഇത്തവണ യൂറോപ്പ കിരീടം നേടിയെ തീരൂ. സെമി കടന്ന എല്ലാ തവണയും കിരീടം നേടിയിട്ടുണ്ട് എന്ന പെരുമ ഉണ്ടെങ്കിലും ഇത്തവണ മുന്നോട്ടുള്ള വഴി കഠിനം അവർക്ക് തന്നെയെന്നതിൽ സംശയമില്ല. സീസണിൽ മറ്റ് കിരീട സാധ്യതകൾ ഇല്ലാത്ത യുവന്റസിനും യൂറോപ്പ അഭിമാന പോരാട്ടമാണ്. അല്ലേഗ്രിക്കും അടുത്ത സീസണിൽ ടീമിൽ തുടരാൻ വിജയം അനിവാര്യമാണ്. ലീഗിൽ തുടർ വിജയങ്ങളോടെ ആണ് അവർ എത്തുന്നത്. അവസാന മത്സരത്തിൽ അറ്റലാന്റയെ എതിരില്ലാത്ത രണ്ടു ഗോളിന് കീഴടക്കി. വമ്പൻ താരങ്ങൾ ഉണ്ടെങ്കിലും പെരുമക്കോത്ത പ്രകടനം സീസണിൽ പുറത്തെടുക്കാൻ ടീമിനായിട്ടില്ല. പിടിച്ചു വെച്ച പതിനഞ്ച് പോയിന്റ് തിരിച്ചു കിട്ടി ലീഗിൽ രണ്ടാം സ്ഥാനത്തേക്ക് എത്തിയ ആവേശത്തിലാണ് ടീം യൂറോപ്പിലേക്ക് എത്തുന്നത്.
പരിശീലകരുടെ പോരാട്ടം കൂടിയാണ് ലെവർകൂസൻ – റോമ മത്സരം. സാക്ഷാൽ ജോസ് മൗറീഞ്ഞോക്കെതിരെ ജർമൻ ടീമിനെ ഒരുക്കുന്നത് ഓത്തുന്നത് സീസണിൽ പുതു തന്ത്രങ്ങളുമായി എത്തിയ സാബി ആലോൻസോയാണ്. തുടർച്ചയായ 14 മത്സരങ്ങളിൽ ടീമിനെ തോൽവി അറിയാതെ നയിച്ച മുൻതാരം തന്റെ മുൻ പരിശീലകനെതിരെ എന്ത് തന്ത്രമാണ് കാത്തുവെച്ചിരിക്കുന്നത് എന്നത് കൗതുകമുണർത്തും. മൗറീഞ്ഞോ ആവട്ടെ റോമക്ക് ഒപ്പം മറ്റൊരു കിരീടം നേടാൻ ഉള്ള തയ്യാറെടുപ്പിൽ ആണ്. ടീമിന്റെ കിരീട വരൾച്ചക്ക് അറുതി വരുത്തിയ പോർച്ചുഗീസുകാരൻ വീണ്ടുമൊരു യുറോപ്യൻ കിരീടം ടീമിന് സമ്മാനിക്കാൻ ആവുമെന്ന പ്രതീക്ഷയിലാണ്. അതേ സമയം അവസാന മത്സരത്തിൽ ഇന്ററിനോട് കീഴടങ്ങിയത് അടക്കം നാല് മത്സരങ്ങളിൽ ജയം കാണാതെയാണ് റോമ യൂറോപ്പ സെമി മത്സരത്തിന് എത്തുന്നത്.