ഭാര്യയുടെ പ്രസവം അടുത്തതിനാൽ ഓസിൽ ഇന്ന് യൂറോപ്പ ലീഗിൽ കളിക്കില്ല

Wasim Akram

ഇന്ന് നടക്കുന്ന ആഴ്‌സണൽ ഒളിമ്പിയാക്കോസ് യൂറോപ്പ ലീഗ് മത്സരത്തിൽ മെസ്യുട്ട് ഓസിൽ കളിക്കില്ല. ഭാര്യയുടെ പ്രസവം അടുത്തതിനാൽ ഓസിൽ ഗ്രീസിലേക്ക് പുറപ്പെട്ട ആഴ്‌സണൽ ടീമിൽ ഉൾപ്പെട്ടിട്ടില്ല. കഴിഞ്ഞ മത്സരത്തിൽ ഗോൾ കണ്ടത്തിയ ഓസിൽ കുറെ കാലങ്ങൾക്ക് ശേഷം ഫോമിലേക്ക് തിരിച്ച് വന്നിരുന്നു. തന്റെ ആദ്യ കുട്ടിയെ പ്രതീക്ഷിക്കുന്ന ഓസിൽ നിലവിൽ ലണ്ടനിൽ തുടരുകയാണ്. ഓസിലിന്റെ അഭാവം ടീമിന് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കില്ല എന്ന പ്രതീക്ഷയിൽ ആണ് ആരാധകർ.

അതേസമയം കഴിഞ്ഞ ന്യൂ കാസ്റ്റിലിന് എതിരായ മത്സരത്തിൽ നിന്ന് പരിശീലകൻ ആർട്ടെറ്റ ഒഴിവാക്കിയ യുവ ഫ്രഞ്ച് താരം മറ്റയോ ഗെന്ദൂസി ടീമിൽ സ്ഥാനം നേടിയിട്ടുണ്ട്. പരിശീലകനും ആയി നല്ല ബന്ധത്തിൽ ഇല്ലാത്ത യുവതാരത്തെ ഗ്രീക്ക് എതിരാളികൾക്ക് എതിരെ കളിപ്പിക്കുമോ എന്നു കണ്ടറിയണം. അതേസമയം പരിക്ക് അലട്ടുന്ന ലൂക്കാസ് ടൊറേറോയും ടീമിനൊപ്പം ഇല്ല. പരിശീലകൻ മൈക്കിൾ ആർട്ടെറ്റയുടെ ആദ്യ യൂറോപ്യൻ മത്സരം ആണ് ഇന്നത്തേത്.