ചെൽസിയുടെ ഗോൾപയറ്റിൽ ആഴ്സണലിന്റെ വെടി തീർന്നു!! യൂറോപ്പ നീലപ്പടയ്ക്ക്!!

- Advertisement -

ചെൽസി ആക്രമണത്തിന്റെ മുന്നിൽ ആഴ്സണൽ മുട്ട് മടക്കിയപ്പോൾ ചെൽസി യൂറോപ്പ ലീഗ് ജേതാക്കളായി. ബാകുവിൽ നടന്ന ലണ്ടൻ ഡർബി ഫൈനലിൽ ഏകപക്ഷീയ ജയം നേടിയാണ് മൗറീസിയോ സാരിയുടെ ടീം യൂറോപ്പ കിരീടം സ്റ്റാംഫോഡ് ബ്രിഡ്ജിൽ എത്തിച്ചത്. സ്കോർ 4-1. ഈഡൻ ഹസാർഡും, ജിറൂദും നടത്തിയ മിന്നൽ പ്രകടനമാണ് നീല പടക്ക് കിരീടം സമ്മാനിച്ചത്.

ഇറ്റാലിയൻ പരിശീലകൻ മൗറീസിയോ സാരിയുടെ കരിയറിലെ ആദ്യ കിരീടമാണ് ഇത്. യൂറോപ്പ ജയിച് ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പാക്കാം എന്ന ആഴ്സണലിന്റെ സ്വപ്നം കൂടിയാണ് ഇന്ന് ബാകുവിൽ തകർന്നടിഞ്ഞത്. ഇത് രണ്ടാം തവണയാണ് ചെൽസി യൂറോപ്പ ലീഗ് കിരീടം നേടുന്നത്.

പരിക്കേറ്റ് പുറത്തിരിക്കും എന്ന് പ്രതീക്ഷിക്കപ്പെട്ട കാന്റയെ അപ്രതീക്ഷിതമായി ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയാണ് ചെൽസി ടീമിനെ ഇറക്കിയത്. ആദ്യ പകുതി പക്ഷെ തീർത്തും വിരസമായിരുന്നു. ബാകുവിലെ മൈതാനത്തെ മോശം പിച്ചും ഇതിന് കാരണമായി. ചെൽസിക്ക് ജിറൂഡിലൂടെ മികച്ച അവസരം ലഭിച്ചെങ്കിലും പീറ്റർ ചെക്കിന്റെ മികച്ച സേവ് ആഴ്സണലിന്റെ രക്ഷക്കെത്തി.

ഗോൾ രഹിതമായ ആദ്യ പകുതിക് ശേഷം രണ്ടാം പകുതിയിൽ ചെൽസിയുടെ സമ്പൂർണ്ണ ആധിപത്യമാണ് കണ്ടത്. 49 ആം മിനുട്ടിൽ എമേഴ്സന്റെ മനോഹര ക്രോസ് ഹെഡറിലൂടെ വലയിലാക്കി മുൻ ആഴ്സണൽ താരം കൂടിയായ ജിറൂദ് ചെൽസിക്ക് ലീഡ് സമ്മാനിച്ചു. ഏറെ വൈകാതെ ഹസാർഡിന്റെ അസിസ്റ്റിൽ പെഡ്രോ ചെൽസിയുടെ ലീഡ് രണ്ടായി ഉയർത്തി. 65 ആം മിനുട്ടിൽ പെനാൽറ്റിയിലൂടെ ഹസാർഡ് ചെൽസിയുടെ ഗോൾ നേട്ടം 3 ആക്കി ഉയർത്തി.

പകരക്കാരനായി ഇറങ്ങിയ ഇവോബി കിടിലൻ ഫിനിഷിലൂടെ 69 ആം മിനുട്ടിൽ ആഴ്സണലിനായി ഒരു ഗോൾ മടക്കിയെങ്കിലും 3 മിനുറ്റുകൾക്കകം ഹസാർഡ് ചെൽസിയുടെ മൂന്ന് ഗോൾ ലീഡ് പുനസ്ഥാപിച്ചു. ഇത്തവണ ജിറൂദ് ഹസാർഡിന് അവസരമൊരുക്കി. പിന്നീടുള്ള ചുരുങ്ങിയ സമയത്തിനുള്ളിൽ നികത്താൻ കഴിയുന്നതായിരുന്നില്ല ചെൽസിയുടെ ഈ ലീഡ്. ആഴ്സണൽ മുന്നേറ്റ നിരയുടെ നിറം മങ്ങിയ പ്രകടനവും മത്സര ഫലത്തിൽ നിർണായകമായി.

Advertisement