യൂറോപ്പ ലീഗിൽ ഇന്ന് നടക്കുന്ന മത്സരങ്ങളിൽ പ്രീമിയർ ലീഗ് ടീമുകളായ ആഴ്‌സണലും ചെൽസിയും ഇറങ്ങും. ആഴ്‌സണൽ ബേറ്റ് ബോറിസോവിനെയും ചെൽസി മൽമോയെയുമാണ് നേരിടുക.
കഴിഞ്ഞ ദിവസം മാഞ്ചസ്റ്റർ സിറ്റിക്കെതിരെ കനത്ത തോൽവിയേറ്റുവാങ്ങിയതിനു പിന്നാലെയാണ് ചെൽസി ഇന്ന് യൂറോപ്പയിൽ ഇറങ്ങുന്നത്. പ്രീമിയർ ലീഗിൽ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ചെൽസിക്ക് അടുത്ത വർഷത്തെ ചാമ്പ്യൻസ് ലീഗിന് യോഗ്യത ഉറപ്പിക്കാൻ യൂറോപ്പ ലീഗ് വിജയം വഴി നടക്കും. ചെൽസി നിരയിൽ പരിക്കേറ്റ ലോഫ്റ്റസ് ചീകും പ്രതിരോധ താരം മാർക്കോസ് അലോൺസോയും ചെൽസിക്കൊപ്പം ടീമിനൊപ്പം യാത്ര ചെയ്തിട്ടില്ല.
ആഴ്‌സണലും പ്രീമിയർ ലീഗ് ടോപ് ഫോറിന് പുറത്തായതോടെ അവർക്കും ചാമ്പ്യൻസ് ലീഗ് യോഗ്യതക്ക് യൂറോപ്പ കിരീടം നേടിയേ തീരു. കഴിഞ്ഞ തവണത്തെ യൂറോപ്പയിൽ ആഴ്‌സണൽ സെമി ഫൈനലിൽ പുറത്തായിരുന്നു. യൂറോപ്പ ലീഗിൽ മൂന്ന് കിരീടങ്ങൾ നേടിയ ഉനൈ എമേറിയുടെ കീഴിൽ ഇറങ്ങുന്ന ആഴ്‌സണൽ ജയം മാത്രം തേടിയാണ് ഇറങ്ങുന്നത്.
എഫ്.എ കപ്പിലും നിന്നും ലീഗ് കപ്പിൽ നിന്നും നേരത്തെ പുറത്തായ ആഴ്‌സണലിന് സീസണിൽ കിരീടം നേടാനുള്ള അവസാന അവസരമാണ് യൂറോപ്പയിൽ ഉള്ളത്. ഈ ആഴ്ചയിൽ ആഴ്‌സണലിന് മറ്റു മത്സരങ്ങൾ ഇല്ല എന്നിരിക്കെ മികച്ച താരങ്ങളെ അണി നിരത്തിയാവും ആഴ്‌സണൽ ഇന്നിറങ്ങുക.