ജയം തുടരാൻ ആഴ്‌സണൽ ഇന്ന് നോർവെയിൽ

യൂറോപ്പ ലീഗിലും തങ്ങളുടെ വിജയകുതിപ്പ് തുടരാൻ ആഴ്‌സണൽ ഇന്ന് നോർവെയിൽ. നോർവീജിയൻ ക്ലബ് ആയ ബോഡോ ഗ്ലിന്റിന് എതിരെ കഴിഞ്ഞ മത്സരത്തിൽ എമിറേറ്റ്‌സിൽ ആധികാരികമായി ജയിച്ച ആഴ്‌സണലിനെ മികച്ച പോരാട്ടം ആവും നോർവെയിൽ കാത്തിരിക്കുന്നത്. സ്വന്തം മൈതാനത്തിൽ മികവ് കാണിക്കുന്ന നോർവീജിയൻ ടീമിന് ആഴ്‌സണലിനെ പരീക്ഷിക്കാനുള്ള മരുന്നു കയ്യിലുണ്ട്.

ഗബ്രിയേൽ ജീസുസ്‌, വില്യം സലിബ അടക്കമുള്ള പ്രമുഖ താരങ്ങൾക്ക് പൂർണ വിശ്രമം ആഴ്‌സണൽ നൽകും. തുടർച്ചയായ നാലു യൂറോപ്പ ലീഗ് മത്സരങ്ങളിൽ ഗോൾ നേടിയ എഡി എങ്കിതിയ ആവും ആഴ്‌സണൽ മുന്നേറ്റത്തെ നയിക്കുക. ഫാബിയോ വിയേരക്കും സാമ്പി ലൊക്കോങോക്കും മാർക്വീനോസിനും ഒക്കെ ഇത് വീണ്ടും കഴിവ് തെളിയിക്കാനുള്ള അവസരം ആവും. ഇത് വരെ കളിച്ച 11 കളികളിൽ പത്തിലും ജയിച്ച ആഴ്‌സണൽ റിസർവ് ടീമിനെ വച്ചായാലും ജയം തന്നെയാവും നോർവെയിൽ ലക്ഷ്യം വക്കുക.