ഇന്ന് യൂറോ കപ്പിൽ ഗ്രൂപ്പ് എയിലെ അവസാന രണ്ടു മത്സരങ്ങൾ ആണ് നടക്കുന്നത്. ഗ്രൂപ്പിൽ നിന്ന് നോക്കൗട്ട് റൗണ്ടിലേക്ക് കടക്കുന്ന രണ്ടാമത്തെ ടീം ഇന്ന് തീരുമാനമാകും. ഇന്ന് റോമിൽ വെച്ച് വെയിൽസും ഇറ്റലിയും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ഇന്ന് ഒരു സമനില നേടിയാൽ തന്നെ വെയിൽസിന് പ്രീക്വർട്ടർ യോഗ്യത ഉറപ്പാക്കാം. ഇറ്റലിയെ ഞെട്ടിച്ച് വിജയിക്കുക ആണെങ്കിൽ ഗ്രൂപ്പ് ചാമ്പ്യന്മാരാകാനും വെയിൽസിനാകും.
ഗ്രൂപ്പിൽ ഇപ്പോൾ ഇറ്റലിക്ക് 6 പോയിന്റും വെയിൽസിന് 4 പോയിന്റും സ്വിറ്റ്സർലാന്റിന് ഒരു പോയിന്റുമാണ് ഉള്ളത്. തുർക്കിക്ക് പോയിന്റ് ഒന്നും ഇല്ല. ഇന്ന് വെയിൽസ് പരാജയപ്പെടുകയും സ്വിറ്റ്സർലാന്റ് വിജയിക്കുകയും ചെയ്താൽ മാത്രമെ വെയിൽസിന്റെ പ്രീക്വാർട്ടർ പ്രതീക്ഷയ്ക്ക് ഭീഷണിയുള്ളൂ. എന്നാലും മികച്ച മൂന്നാം സ്ഥാനക്കാരായി നോക്കൗട്ട് റൗണ്ടിലേക്ക് പോകാൻ ഇപ്പോൾ ഉള്ള 4 പോയിന്റ് മതിയയേക്കും. ബെയ്ലും റാംസിയും ഫോമിലേക്ക് എത്തിയതാകും ഇന്ന് വെയിൽസിന്റെ പ്രതീക്ഷ.
ഇറ്റലി ഇന്ന് ഒരുപാട് മാറ്റങ്ങൾ അവരുടെ ടീമിൽ ഇന്ന് വരുത്താൻ സാധ്യതയുണ്ട്. അത് വെയിൽസിന് സഹായകമായേക്കും. പരിക്കേറ്റ കിയെല്ലിനി ഇന്ന് ഇറ്റലിക്ക് ഒപ്പം ഉണ്ടാവില്ല. ആദ്യ രണ്ടു മത്സരങ്ങളിൽ ഇല്ലായിരുന്ന പി എസ് ജി മിഡ്ഫീൽഡർ വെരാട്ടി ഇന്ന് കളിക്കുകയും ചെയ്യും. ഇന്ന് ഒരു സമനില മതി ഇറ്റലിക്ക് ഗ്രൂപ്പ് ചാമ്പ്യന്മാരാകാൻ. അവർ നേരത്തെ തന്നെ പ്രീക്വാർട്ടർ ഉറപ്പിച്ചിരുന്നു. ആദ്യ രണ്ടു മത്സരങ്ങളിൽ തുർക്കിയെയും സ്വിറ്റ്സർലാന്റിനെയും വളരെ എളുപ്പത്തിലാണ് ഇറ്റലി മറികടന്നത്. അവസാന 29 മത്സരങ്ങളിൽ പരാജയം അറിയാത്ത ഇറ്റലി ഇന്ന് കൂടെ പരാജയപ്പെട്ടില്ല എങ്കിൽ അവരുടെ എറ്റവും മികച്ച അപരാജിത കുതിപ്പ് എന്ന റെക്കോർഡിനൊപ്പം എത്തും.
ഗ്രൂപ്പ് എയിൽ ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തിൽ തുർക്കിയും സ്വിറ്റ്സർലാന്റും തമ്മിൽ ഏറ്റുമുട്ടും. ഇരു ടീമുകൾക്കും വിജയിച്ചാലെ എന്തെങ്കിലും പ്രതീക്ഷകൾ ബാക്കി ഉണ്ടാകു. ഇന്ന് രണ്ട് മത്സരങ്ങളും തത്സമയം 9.30ന് സോണി നെറ്റ്വർക്കിൽ കാണാം.