ലോക ചാമ്പ്യന്മാരായ ഫ്രാൻസിന് തിരിച്ചടിയായി ബാഴ്സ താരം ഒസ്മാൻ ഡെംബെലെ യൂറോയിൽ നിന്നും പുറത്ത്. ഫ്രാൻസിന്റെ ഹംഗറിക്കെതിരായ മത്സരത്തിനിടെയാണ് ഡെംബെലെക്ക് പരിക്കേറ്റത്ത്. കൂടുതൽ പരിശോധനയിൽ പരിക്ക് ഗുരുതരമാണെന്ന് കണ്ടതോടെയാണ് യൂറോയിൽ നിന്നും പുറത്ത് പോവാനുള്ള തീരുമാനമെടുത്തത്. ഹംഗറിക്കെതിരെ റാബിയോടിന് പകരക്കാരനായി 57ആം മിനുട്ടിലാണ് ബാഴ്സലോണ വിംഗർ ഇറങ്ങിയത്. മൂന്ന് മിനുട്ടിനുള്ളിൽ തന്നെ പരിക്കേറ്റ് ഡെംബെലെക്ക് കളം വിടേണ്ടിയും വന്നു.
മത്സരത്തിൽ ഫ്രാൻസിനെ ഞെട്ടിച്ച് കൊണ്ട് ഹംഗറി സമനില പിടിക്കുകയും ചെയ്തു. മരണഗ്രൂപ്പെന്ന് അറിയപ്പെടുന്ന ഗ്രൂപ്പ് എഫിൽ ഇനിയുള്ള മത്സരങ്ങൾ ഫ്രാൻസിന് നിർണായകമാണ്. പോർച്ചുഗല്ലാണ് അവസാന ഗ്രൂപ്പ് മത്സരത്തിൽ ഫ്രാൻസിന്റെ എതിരാളികൾ. നെയ്മർ പിഎസ്ജിയിലേക്ക് പോയതിന് പിന്നാലെ 2017ൽ ബൊറുസിയ ഡോർട്ട്മുണ്ടിൽ നിന്നുമാണ് ഡെംബെലെ ക്യാമ്പ് നൂവിലെത്തുന്നത്. കരിയറിൽ ഉടനീളം പരിക്കിന്റെ പിടിയിലായിരുന്ന ഡെംബെലെക്ക് ഈ സീസണിൽ 6മത്സരങ്ങൾ മാത്രമേ നഷ്ടപ്പെട്ടിരുന്നുള്ളൂ. ബാഴ്സലോണക്ക് വേണ്ടി ഈ സീസണിൽ 44 മത്സരങ്ങൾ കളിച്ച ഡെംബെലെ 11 ഗോളുകൾ അടിക്കുകയും അഞ്ച് ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു.