ഇന്ന് യൂറോ കപ്പിൽ നടക്കുന്ന രണ്ടാമത്തെ പ്രീ ക്വാർട്ടർ മത്സരത്തിൽ ഇറ്റലി ഓസ്ട്രിയയെ നേരിടും. ലണ്ടനിൽ നടക്കുന്ന മത്സരത്തിൽ മാഞ്ചിനിയുടെ ഇറ്റലി തന്നെയാണ് ഫേവറിറ്റ്‌സ്. ഗ്രൂപ്പിൽ മൂന്ന് മത്സരങ്ങളും ഏകപക്ഷീയമായി വിജയിച്ച് ആണ് ഇറ്റലി പ്രീ ക്വാർട്ടറിൽ എത്തുന്നത്. തുർക്കിയെയും സവിസ് പടയേയും എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച ഇറ്റലി അവസാന മത്സരത്തിൽ വെയിൽസിനെ എതിരില്ലാത്ത ഒരു ഗോളിനും തോൽപ്പിച്ചു. ഒരു ഗോൾ പോലും ഇറ്റലി ഇതുവരെ വഴങ്ങിയിട്ടില്ല. അവസാനമായി കഴിഞ്ഞ ഒക്ടോബറിൽ ഹോളണ്ടിനെതിരെയാണ് ഇറ്റലി ഒരു ഗോൾ വഴങ്ങിയത്. അവസാന 10 മത്സരങ്ങളും ഒരു ഗോൾ പോലും വഴങ്ങാതെ അവർ വിജയിച്ചു. അവസാന 30 മത്സരങ്ങളിൽ പരാജയം അറിയാതെ ചരിത്ര കുതിപ്പിലാണ് അവർ ഉള്ളത്.
ഇന്ന് ഇറ്റലിക്ക് ഒപ്പം ഡിഫണ്ടർമാരായ കിയലിനിയു. ഫ്ലോറന്സിയും ഉണ്ടാകില്ല. മധ്യനിരയിൽ വെരാട്ടിയെ ഇറക്കണോ ലോകട്ടെല്ലിയെ ഇറക്കണോ എന്നത് മാഞ്ചിനിക്ക് തലവേദന നൽകും. പരിചയ സമ്പത്തുള്ള വേരാട്ടിക്ക് ആകും മുൻഗണന ലഭിക്കാൻ സാധ്യത. അറ്റാക്കിൽ ഇമ്മോബിലെയും ഇൻസിനെയും ഗംഭീര ഫോമിലാണ്. യുവതാരമായ കിയെസ ഒക്കെ ബെഞ്ചിൽ ഉണ്ട് എന്നതും ഇറ്റലിക്ക് കരുത്തതാണ്. ആദ്യമായി പ്രീ ക്വാർട്ടറിൽ എത്തിയ ഓസ്ട്രിയക്ക് ഒരു അട്ടിമറി സാധ്യമാകുമെന്ന ആരും പ്രവചിക്കുന്നില്ല. എങ്കിലും ക്യാപ്റ്റൻ അലാബയുടെ കീഴിൽ ഇറങ്ങുന്ന ടീം ഗ്രൂപ്പ് ഘട്ടത്തിൽ നല്ല പ്രകടനമാണ് കാഴ്ചവെച്ചിരുന്നത്. ചരിത്രത്തിൽ ഇതുവരെ ഓസ്ട്രിയ ഇറ്റലിയെ പരാജയപ്പെടുത്തിയിട്ടില്ല. ഇന്ന് രാത്രി 12.30നാണ് മത്സരം നടക്കുന്നത്. കളി തത്സമയം സോണി നെറ്റവർക്കിൽ കാണാൻ സാധിക്കും.