യൂറോ കപ്പിലെ മരണഗ്രൂപ്പായ ഗ്രൂപ്പ് എഫിൽ ഇന്ന് ഒരു വൻ മത്സരം തന്നെയാണ് നടക്കുന്നത്. മ്യൂണിക്കിൽ അലയൻസ് അറീനയിൽ നടക്കുന്ന മത്സരത്തിൽ ജർമ്മനിയും പോർച്ചുഗലും ഏറ്റുമുട്ടും. ആദ്യ മത്സരത്തിൽ ഫ്രാൻസിനോട് പരാജയപ്പെട്ട ജർമ്മനിക്ക് ഒരു പരാജയം കൂടെ താങ്ങാൻ ആവില്ല. ഫ്രാൻസിനെതിരെ പന്ത് കൈവശം വെച്ചു എങ്കിലും അവസരങ്ങൾ സൃഷ്ടിക്കാൻ അവർക്ക് ആയിരുന്നില്ല. അതാണ് പ്രശ്നമായത്. അതുകൊണ്ട് തന്നെ ഇന്ന് ആദ്യ ഇലവനിൽ ജർമ്മനി മാറ്റങ്ങൾ വരുത്തിയേക്കും.
ലിറോയ് സാനെയും ടിമോ വെർണറും ഇന്ന് ആദ്യ ഇലവനിൽ എത്താൻ സാധ്യതയുണ്ട്. ഫ്രാംസിനെതിരെ ഒരു സെൽഫ് ഗോളായിരുന്നു ജർമ്മനിക്ക് തടസ്സമായത്. പോർച്ചുഗലിനെതിരെ അവസാനം നേരിട്ടപ്പോൾ ഉള്ള മികച്ച റെക്കോർഡുകളാണ് ജർമ്മനിയുടെ കരുത്ത്. അവസാന നാലു തവണ ഏറ്റുമുട്ടിയപ്പോഴും ജർമ്മനി ആയിരുന്നു വിജയിച്ചത്.
എന്നാൽ മികച്ച ഫോമിലാണ് സാന്റോസിന്റെ പോർച്ചുഗൽ എത്തുന്നത്. ഹംഗറിയെ തോൽപ്പിച്ചതും റൊണാൾഡോയുടെ ഫോമും അവർക്ക് കരുത്തേകും. എങ്കിലും ഹംഗറിക്ക് എതിരെ 84 മിനുട്ട് വരെ ഗോൾ നേടാൻ ആവാതിരുന്നത് ഒരു പ്രശ്നമാണ്. അവസാനം വന്ന് നിർണായക സംഭാവന ചെയ്ത റാഫാ സിൽവ ഇന്ന് ആദ്യ ഇലവനിൽ എത്തിയേക്കും. ഇന്ന് രാത്രി 9.30നാണ് മത്സരം. വിജയിച്ചാൽ പോർച്ചുഗലിന് നോക്കൗട്ട് യോഗ്യത ഉറപ്പിക്കാം.