യൂറോ യോഗ്യത മത്സരത്തിൽ ജർമ്മനിക്ക് വമ്പൻ ജയം. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ഹോളണ്ടിനെ ജർമ്മനി പരാജയപ്പെടുത്തിയത്. ലോകകപ്പിന് ശേഷം നേഷൻസ് ലീഗിലേറ്റ പരാജയത്തിന് മധുര പ്രതികാരം കൂടിയായി ഇന്നത്തെ ജയം. ലിറോയ് സനെ,സെർജി ഗ്നബ്രി, നിക്കോ ഷുൾസ് എന്നിവരാണ് ജർമ്മനിക്ക് വേണ്ടി ഗോളടിച്ചത്. ഹോളണ്ടിന് വേണ്ടി മെംഫിസ് ദിപേയും ഡി ലിറ്റും ഗോളടിച്ചു.
ആസ്റ്റർഡാമിൽ നടന്ന മത്സത്തിൽ ഒരു അസിസ്റ്റും ഗോളുമായി നിക്കോ ഷുൾസ് ജർമ്മനിക്ക് വേണ്ടി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ലിറോയ് സനെയുടെ ആദ്യ ഗോളിന് വഴിയൊരുക്കിയത് ഹോഫൻഹെയിം താരം ഷുൾസാണ്. ഏറെ വൈകാതെ തന്നെ ലിവർപൂൾ പ്രതിരോധതാരം വാൻ ഡൈക്കിനെ നോക്കുകുത്തിയാക്കി ഗ്നബ്രി രണ്ടാം ഗോൾ നേടി. എന്നാൽ ഓറഞ്ച് പട രണ്ടാം പകുതിയിൽ ഉണർന്നു കളിച്ചു.
മത്സരം പുനരാരംഭിച്ച് മൂന്നാം മിനുട്ടിൽ അയാക്സ് താരം ഡി ലിറ്റിലൂടെ ഹോളണ്ട് തിരിച്ചടിച്ചു. ലിയോൺ താരം മെംഫിസ് ദിപേയ് ജർമ്മൻ വൻ മതിൽ മാനുവൽ നുയറിനെ കടന്നു വലകുലുക്കി. പിന്നീട് മാനുവൽ നുയറിന്റെ മികച്ച പ്രകടനം ജർമ്മനിയെ പലതവണ കാത്തു. മത്സരമവസാനിക്കാൻ മിനുട്ടുകൾ ബാക്കി നിൽക്കെ ഡോർട്ട്മുണ്ട് ക്യാപ്റ്റൻ മാർക്കോ റൂയിസിനെ ഇറക്കിയ ജോവാക്കിം ലോയുടെ പ്രതീക്ഷകൾ തെറ്റിയില്ല നിക്കോ ഷുൾസിലൂടെ ജർമ്മനി ജയം സ്വന്തമാക്കി.