യൂറോ കപ്പിൽ ഗ്രൂപ്പ് എഫിൽ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ ഫ്രാൻസ് ഇന്ന് ഹംഗറിയെ നേരിടും. ബുഡാപെസ്റ്റിൽ 60000ൽ അധികം വരുന്ന ഹംഗറി ആരാധകർക്ക് മുന്നിലാകും ഫ്രാൻസ് ഇന്ന് ഇറങ്ങേണ്ടത്. ആദ്യ മത്സരത്തിൽ പോർച്ചുഗലിനോട് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ഹംഗറി പരാജയപ്പെട്ടിരുന്നു. എങ്കിലും ഹംഗറി പോർച്ചുഗലിനെതിരെ മികച്ച പ്രകടനം തന്നെ നടത്തിയിരുന്നു. 84ആം മിനുട്ട് വരെ കളി ഗോൾരഹിതമായി നിന്ന ശേഷമാണ് അന്ന് ഹംഗറി പരാജയപ്പെട്ടത്.
ഫ്രാൻസ് ജർമ്മനിയെ പരാജയപ്പെടുത്തിയാണ് ഹംഗറിയിലേക്ക് എത്തുന്നത്. ഒരു ഗോൾ മാത്രമെ നേടാൻ ആയുള്ളൂ എങ്കിലും ജർമ്മനിക്ക് എതിരെ മികച്ച പ്രകടനം നടത്താൻ ഫ്രാൻസിനായിരുന്നു. പോഗ്ബയും കാന്റയും അടങ്ങുന്ന മധ്യനിര തന്നെയാണ് ഫ്രാൻസിന്റെ കരുത്ത്. ജർമ്മനിക്ക് എതിരെ മികച്ച പ്രകടനം നടത്തിയ പോഗ്ബ പ്ലയർ ഓഫ് ദി മാച്ച് ആയിരുന്നു. ഇന്ന് ആദ്യ ഇലവനിൽ മാറ്റമില്ലാതെയാകും ഫ്രാൻസ് ഇറങ്ങുക. ബെൻസീമ, എമ്പപ്പെ, ഗ്രീസ്മൻ എന്നിവർ ഇന്ന് ഗോൾ കണ്ടെത്തിയാൽ പോർച്ചുഗലിനെതിരായ മത്സരത്തിന് മുമ്പ് ഫ്രാൻസിന് അത് വലിയ ആത്മവിശ്വാസം നൽകും. ഇന്ന് വൈകിട്ട് 6.30നാണ് മത്സരം. കളി തത്സമയം സോണി നെറ്റ്വർക്കിൽ കാണാം.