യൂറോ കപ്പിൽ ക്വാർട്ടർ ഫൈനൽ ലൈനപ്പ് പൂർത്തിയായി. ബെൽജിയം ഇറ്റലിയെയും ഡെന്മാർക്ക് ചെക് റിപ്പബ്ലിക്കിനെയും നേരിടുമ്പോൾ സ്‌പെയിൻ സ്വിസർലന്റിനെയും ഇംഗ്ലണ്ട് ഉക്രൈനെയും നേരിടും. ഏതാണ്ട് സമാനമായ വിധം ആവേശകരമായ മത്സരം കടന്നു വരുന്ന സ്‌പെയിൻ, സ്വിസ് പോരാട്ടം ആവേശം ആവും എന്നുറപ്പാണ്. ക്രൊയേഷ്യക്ക് എതിരെ കടുത്ത പോരാട്ടത്തിൽ അധിക സമയത്ത് 5-3 നു പോരാടി നേടിയ ജയവും ആയി അവസാന എട്ടിൽ ഇടം പിടിച്ച ലൂയിസ് എൻറിക്വയുടെ സ്‌പെയിൻ അവരുടെ യഥാർത്ഥ മികവിലേക്ക് ഉയരുകയാണ്. ഗോൾ അടിക്കുന്നില്ല എന്ന പരാതി രണ്ടു മത്സരങ്ങളിൽ 10 ഗോൾ അടിച്ചാണ് അവർ തീർത്തത്. എൻറിക്വയാൽ പ്രചോദിപ്പിക്കപ്പെടുന്ന സ്പാനിഷ് യുവനിര കപ്പ് ഉയർത്താൻ പോലും വലിയ സാധ്യതയാണ് കൽപ്പിക്കുന്നത്. അതേസമയം ലോക ജേതാക്കളെ അട്ടിമറിച്ചു വരുന്ന സ്വിസ് തങ്ങളുടെ ഹൃദയം കൊണ്ട് ഫുട്‌ബോൾ കളിച്ചു പോരാട്ടവീര്യം കൊണ്ട് ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച കൂട്ടമാണ്. ലോക ജേതാക്കളെ 120 മിനിറ്റിൽ 3-3 നു സമനിലയിൽ കുടുക്കിയ അവർ പെനാൽട്ടി ഷൂട്ട് ഔട്ടിൽ ആണ് ജയം കണ്ടത്. എന്നാൽ സസ്‌പെൻഷൻ കാരണം ക്യാപ്റ്റൻ ശാക്ക അടക്കമുള്ള താരങ്ങൾ ക്വാർട്ടർ ഫൈനൽ കളിക്കില്ല എന്നത് അവർക്ക് വലിയ തിരിച്ചടി ആവും. ജൂലൈ രണ്ടാം തിയതി രാത്രി ഇന്ത്യൻ സമയം 9.30 നു ആണ് ഈ മത്സരം.
പതിറ്റാണ്ടുകൾക്ക് ശേഷം 1966 ലോകകപ്പ് ഫൈനലിന് ശേഷം ഒരു പ്രധാന ടൂർണമെന്റിൽ ജർമ്മനിയെ പരാജയപ്പെടുത്തി വരുന്ന ഗാരത് സൗത്ത്ഗേറ്റിന്റെ ഇംഗ്ലണ്ട് വലിയ ആത്മവിശ്വാസത്തിൽ ആണ്. മോശം ഫുട്‌ബോൾ, മികച്ച താരങ്ങളെ പുറത്ത് ഇരുത്തുന്നു തുടങ്ങിയ വലിയ വിമർശനങ്ങൾ കേൾക്കേണ്ടി വന്ന ഇംഗ്ലണ്ട് പക്ഷെ ഇത് വരെ ഒരു ഗോൾ പോലും വഴങ്ങാതെയാണ് യൂറോ കപ്പ് അവസാന എട്ടിലേക്ക് മുന്നേറുന്നത്. കാലങ്ങളായി കാത്തിരിക്കുന്ന കിരീടത്തിലേക്ക് ഈ ടീം എങ്കിലും നടന്നു കയറും എന്ന പ്രതീക്ഷയിൽ ആണ് ഇംഗ്ലീഷ് ആരാധകരും. അതേസമയം ആന്ദ്ര ഷെവ്ഷെങ്കോ ഏറ്റവും വലിയ പ്രചോദനം ആവുന്ന ഉക്രൈൻ തങ്ങളുടെ പോരാട്ടവീര്യത്തിൽ ആർക്കും പിറകിലല്ല. സ്വീഡന് മേൽ അധിക സമയത്ത് നീണ്ട മത്സരത്തിൽ അവസാന നിമിഷം ഗോൾ നേടി ജയം കണ്ടത്തിയ അവർ പൊരുതാൻ ഉറച്ച് തന്നെയാവും ഇംഗ്ലണ്ടിനെ നേരിടുക. ജൂലൈ നാലിന് അർധരാത്രി 12.30 നു ആണ് ഈ പോരാട്ടം. ചെക് റിപ്പബ്ലിക്, ഡെന്മാർക്ക് മത്സരവിജയിയെ ആവും ഇംഗ്ലണ്ട്, ഉക്രൈൻ മത്സരവിജയി സെമിഫൈനലിൽ നേരിടുക. അതേസമയം ബെൽജിയം, ഇറ്റലി മത്സരവിജയിയെ ആവും സ്‌പെയിൻ, സ്വിസ് മത്സരവിജയി നേരിടുക.