ചെക്ക് റിപ്പബ്ലിക്കിനെതിരായ നിർണായക മത്സരത്തിൽ ഇംഗ്ലണ്ട് സൂപ്പർ താരം ഹാരി കെയ്ൻ തന്നെ ഇംഗ്ലണ്ടിന്റെ ആക്രമണങ്ങളെ നയിക്കുമെന്ന് ഇംഗ്ലണ്ട് പരിശീലകൻ ഗാരെത് സൗത്ത്ഗേറ്റ്. ഗ്രൂപ്പ് ഡിയിൽ ഒന്നാം സ്ഥാനക്കാരായി അടുത്ത റൗണ്ടിലെത്താൻ ഇംഗ്ലണ്ടിന് ചെക്ക് റിപ്പബ്ലിക്കിനെതിരെ വിജയം അനിവാര്യമാണ്. യൂറോ കപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിൽ ഫോം കണ്ടെത്താൻ വിഷമിച്ച ഹാരി കെയ്ൻ അടുത്ത മത്സരത്തിൽ ഇംഗ്ലണ്ടിന് വേണ്ടി ആദ്യ ഇലവനിൽ ഉണ്ടാവുമോ എന്ന ചോദ്യത്തിന് മറുപടിയായാണ് ഇംഗ്ലണ്ട് പരിശീലകന്റെ പ്രതികരണം.
ക്രോയേഷ്യക്കെതിരെയും സ്കോട്ലാൻഡിനെതിരെയും കളിച്ച ഹാരി കെയ്നിന് എതിർ പോസ്റ്റിലേക്ക് ഒരു ഷോട്ട് പോലും ഉതിർക്കാനായിരുന്നില്ല. തുടർന്നാണ് ഇംഗ്ലണ്ട് ക്യാപ്റ്റനെതിരെ വിമർശങ്ങൾ ഉയർന്നത്. എന്നാൽ ഹാരി കെയ്ൻ ഇംഗ്ലണ്ടിന്റെ പ്രധാനപ്പെട്ട താരം ആണെന്നും ഇത്തരം പ്രശ്നങ്ങൾ ഹാരി കെയ്‌നിന്റെ കരിയറിൽ ഒരുപാട് ഉണ്ടായിട്ടുണ്ടെന്നും സൗത്ത്ഗേറ്റ് പറഞ്ഞു. ഇതെല്ലം മറികടന്ന് ഹാരി കെയ്ൻ ഫോമിലേക്ക് തിരിച്ചുവരുമെന്നും സൗത്ത്ഗേറ്റ് പറഞ്ഞു.