നൂറാം മത്സരത്തിൽ ഗോളടിച്ച് ഹസാർഡ്, ബെൽജിയത്തിന് ജയം

Jyotish

യൂറോ കപ്പ് യോഗ്യത മത്സരത്തിൽ ബെൽജിയത്തിന് ജയം. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് സൈപ്രസിനെ ബെൽജിയം പരാജയപ്പെടുത്തിയത്. ഈഡൻ ഹസാർഡും മിച്ചി ബാത്ശുവായിയുമാണ് ബെൽജിയത്തിന്റെ ഗോളുകൾ നേടിയത്. തന്റെ നൂറാം മത്സരത്തിലും ഗോളടിച്ച് ആരാധകരെ ആവേശത്തിലാഴ്ത്താൻ ഹസാർഡിനു സാധിച്ചു. ബെൽജിയത്തിന് വേണ്ടി 100 മത്സരങ്ങൾ കളിക്കുന്ന മൂന്നാം താരമാണ് ഹസാർഡ്.

ബെൽജിയത്തിന് വേണ്ടിയുള്ള തന്റെ മുപ്പതാം ഗോളാണ് ചെൽസി താരം ഇന്ന് നേടിയത്. ബാത്ശുവായിയാണ് ഹസാർഡിന്റെ ഗോളിന് വഴിയൊരുക്കിയത്. ബാത്ത് ശുവായിയുടെ ഗോളിന് തോർഗൻ ഹസാർഡാണ്‌ വഴിയൊരുക്കിയത്. ഗ്രൂപ്പ് ഐയിലെ ആദ്യ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് റഷ്യക്കെതിരെ ബെൽജിയം ജയിച്ചിരുന്നു.