ഡെന്മാർക്ക് താരമായ ക്രിസ്റ്റ്യൻ എറിക്സൺ ആശുപത്രി വിട്ടു. താരത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും താരം ഇനി കുടുംബത്തോടെ സമയം ചിലവഴിക്കും എന്നും ഡെന്മാർക്ക് അറിയിച്ചു. കഴിഞ്ഞ ആഴ്ച ഫിൻലാൻഡിന് എതിരായ മത്സരത്തിന് ഇടയിലായിരുന്നു എറിക്സണ് ഹൃദയാഘാതം സംഭവിച്ചത്. താരത്തിന് ഹൃദയത്തിന്റെ പ്രവർത്തനത്തിന് സഹായകമാകുന്ന ഐ സി ഡി ഘടിപ്പിച്ചു.
ആശുപത്രി വിട്ട എറിക്സൺ തന്റെ സഹതാരങ്ങളെ സന്ദർശിച്ചു. കഴിഞ്ഞ ദിവസം ഡെന്മാർക്ക് ബെൽജിയത്തിന് എതിരെ നടത്തിയ പ്രകടനത്തെ താരം പ്രശംസിച്ചു. റഷ്യക്ക് എതിരായ മത്സരത്തിൽ പിന്തുണക്കാൻ താൻ ഉണ്ടാകും എന്നും താരം പറഞ്ഞു. തനിക്ക് കിട്ടുന്ന പിന്തുണക്ക് സന്തോഷം ഉണ്ട് എന്നും തന്റെ ശസ്ത്രക്രിയ വിജയകരമായി കഴിഞ്ഞു എന്നും എറിക്സൺ പറഞ്ഞു. താരം ഫുട്ബോളിലേക്ക് തിരികെയെത്തുമോ എന്നുള്ളത് ഒക്കെ താരത്തിന്റെ ആരോഗ്യ നില വിലയിരുത്തി പിന്നീട് മാത്രമെ തീരുമാനിക്കുകയുള്ളൂ.